ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ഇടപെട്ട് ഹൈക്കോടതി. ശബരിമല തീർത്ഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.എന്‍എസ്എസ്-എന്‍സിസി വളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ബുക്കിങ് ഇല്ലാതെ ശബരിമലയിലേക്ക് ആരേയും പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. വെര്‍ച്വല്‍ബുക്കിങ്ങും സ്‌പോട്ട്ബുക്കിങ്ങും ഇല്ലാതെ ആരേയും കടത്തിവിടരുന്നെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള എത്ര പേര്‍ സ്പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സ്പോട്ട് ബുക്കിംഗ് ദിവസവും പതിനായിരത്തില്‍ കൂടതലാണെന്നും കേരളത്തില്‍ നിന്നാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതെന്ന് എഡിജിപി കോടതിയെ അറിയിച്ചു.
വെര്‍ച്വല്‍ വ്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് സൗകര്യം കിട്ടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, മണിക്കൂറുകള്‍ വൈകുമ്പോള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് സൗകര്യം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. അതേസമയം, അരമണിക്കൂര്‍ കാത്തുനിന്നാണ് ഒരാളും പരാതി പറയില്ലെന്ന് കോടതി പറഞ്ഞു. ക്യൂ കോംപ്ലക്സുകള്‍ വൃത്തിയായിരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള കാനനപാതയില്‍ ശുചിത്വമുറപ്പാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ ദൃശ്യങ്ങൾ സഹിതം എഡിജിപി ഹൈക്കോടതിയിൽ വിശദീകരിച്ചു. നിലയ്ക്കല്‍ പാര്‍ക്കിംഗ് നിറഞ്ഞെന്ന് എഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും തിരക്കാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലയ്ക്കലില്‍ തിരക്കാണെങ്കില്‍ മറ്റിടങ്ങളില്‍ പാര്‍ക്കിംഗ് ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും വോളണ്ടിയര്‍മാരുടെ സഹായം തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.