കളമശ്ശേരി ബോംബ് സ്ഫോടനം നടന്നിട്ട് ഇന്ന് ഒരാഴ്ച പിന്നിടുന്നു. കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 3 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സ്ഫോടനത്തില്‍ മൂന്ന് പേര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
അന്വേഷണം പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. ബോംബ് നിർമാണത്തിൽ കൂടുതൽ സഹായമുണ്ടോ എന്ന് പരിശോധിക്കും. ഡൊമിനിക് മാർട്ടിന്‍റെ വിദേശ ബന്ധങ്ങൾ പരിശോധിക്കാനുള്ള നടപടികളിലേക്കും പൊലീസ് കടന്നിട്ടുണ്ട്. 15 വർഷത്തോളം തുടർച്ചയായി ദുബായിൽ ഉണ്ടായിരുന്ന മാർട്ടിൻ മറ്റേതെങ്കിലും രാജ്യങ്ങളിൽ പോയിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി പ്രതിയുടെ സാമൂഹിക മാധ്യമ ഇടപെടലുകളിലും ആഴത്തിലുള്ള പരിശോധനയാണ് നടക്കുന്നത്.
കൊച്ചി കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലുണ്ടായ തുടര്‍സ്ഫോടനങ്ങളില്‍ മൂന്ന് പേരാണ് മരിച്ചത്. 25ഓളം പേർ ചികിത്സയിലാണ്. കേസില്‍ ഡൊമിനിക് മാർട്ടിനെ മാത്രമാണ് ഇപ്പോൾ പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് മരിച്ചത്.