ദുബായ് : ദുബായ് എമിഗ്രേഷൻ വകുപ്പ് വിവിധ പരിപാടികളോടെ യുഎഇ ദേശീയ പതാക ദിനം ആചരിച്ചു. വിവിധ സ്ഥലങ്ങളിലെ വകുപ്പിന്റെ ഓഫീസുകളിൽ ദേശീയ പതാക ഉയർത്തുകയും രാജ്യത്തിന്റെ അഭിമാനകരമായ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി സഫ ബ്രിട്ടീഷ് സ്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് യുഎഇ പതാക- ദിനാചരണത്തിന്റെ വേറിട്ട സന്ദേശ ചടങ്ങും സംഘടിപ്പിച്ചു. വകുപ്പിന്റെ ജാസ്ലിയ ഓഫീസിൽ നടന്ന മുഖ്യ പരിപാടിയിൽ മേജർ ജനറൽ അവാദ് മുഹമ്മദ് ഗാനിം സയീദ് അൽവൈൻ ദേശീയ പതാക ഉയർത്തി.
രാവിലെ കൃത്യം 10 മണിക്ക് തുടങ്ങിയ ദിനാചരണ ചടങ്ങുകൾ ദേശീയ ഗാനത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് പതാക ഉയർത്തുകയും സൈനികരുടെ പരേഡ് നടന്നു.മേജർ ജനറൽ അവാദ് മുഹമ്മദ് ഗാനിം സയീദ് അൽവൈൻ സല്യൂട്ട് സ്വീകരിച്ചു. പരിപാടിയുടെ ഭാഗമായി ഓഫീസും പരിസരവും യുഎഇ ദേശീയ പതാകയുടെ നിറങ്ങളാൽ പ്രത്യേകം അലങ്കരിച്ചിരുന്നു.