ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനമെന്ന് സ്ഥിരീകരിച്ച് ഡിജിപി. ടിഫിൻ ബോക്സിലാണ് സ്ഫോടക വസ്തു വെച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണെന്നും പ്രത്യക സംഘത്തിന് രൂപം നൽകുമെന്നും ഡിജിപി പറഞ്ഞു.
കളമശേരി സ്ഫോടന പരമ്പര നടത്തിയയാൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നീല കാറിനെക്കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കുന്നു. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഈ കാർ കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയി. ഇതാണ് സംശയം ജനിപ്പിക്കാൻ പ്രധാന കാരണം. സംഭവം നടന്ന ശേഷം പൊലീസിന് ലഭിച്ച നിർണായക വിവരമാണ് ഈ കാർ. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കളമശ്ശേരിലുണ്ടായ സ്ഫോടനത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടുകയാണ്. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.