ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി സംസ്ഥാന സർക്കാർ. ഒക്‌ടോബർ 21 ന് രാത്രി 7:45 വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. “മൊബൈൽ സേവനങ്ങൾ, എസ്എംഎസ് സേവനങ്ങൾ, ഡോംഗിൾ സേവനങ്ങൾ എന്നിവയിലെ സോഷ്യൽ മീഡിയ/മെസേജിംഗ് സേവനങ്ങൾ വഴി പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്ന പ്രകോപനപരമായ വസ്തുക്കളും തെറ്റായ കിംവദന്തികളും വലിയ അപകടങ്ങൾ ഉണ്ടാക്കും,”- സർക്കാർ ഉത്തരവിൽ പറയുന്നു. മണിപ്പൂരിൽ നിലവിലുള്ള അക്രമങ്ങൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ആക്കം കൂട്ടുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
മണിപ്പൂരിൽ ഐക്യവും ക്രമസമാധാനവും നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്ന് സർക്കാർ അറിയിച്ചു. പൊതുജനങ്ങളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വസതികൾക്ക് നേരെയുള്ള ആൾക്കൂട്ട ആക്രമണങ്ങൾ, പോലീസ് സ്റ്റേഷനുകളിലെ ആഭ്യന്തര കലാപം എന്നിവയുൾപ്പെടെ നിലവിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ മണിപ്പൂർ ഡിജിപി ആശങ്ക പ്രകടിപ്പിച്ചതായി ഔദ്യോഗിക അറിയിപ്പിലൂടെ സംസ്ഥാന സർക്കാർ വ്യക്തമാക്കി.
മെയ് മൂന്നിന് സംസ്ഥാനത്ത് അക്രമം റിപ്പോര്‍ട്ട് ചെയ്യതിനെ തുടര്‍ന്നാണ് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് സെപ്റ്റംബര്‍ 23 ന് ഇത് പുനഃസ്ഥാപിച്ചു. എന്നാല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 26 ന് വീണ്ടും മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. പിന്നാലെ ഒക്ടോബര്‍ 9ന് ഒരാളെ ചുട്ടുകൊന്നതായി പറയുന്ന വീഡിയോ വൈറലായി. ഇതോടെ സംഘര്‍ഷം വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 11 വരെ നീട്ടുകയായിരുന്നു. തുടർന്ന് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്രമാസക്തമായ വീഡിയോകളും ഫോട്ടോകളും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഒക്ടോബര്‍ 16 വരെ നീട്ടി സർക്കാർ ഉത്തരവിറക്കിയിരുന്നു.
മെയ്തേയ് സമുദായത്തിന്റെ പട്ടിക വർഗ പദവിക്ക് വേണ്ടിയുള്ള ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ സംഘടിപ്പിച്ച ‘ആദിവാസി ഐക്യദാർഢ്യ മാർച്ചി’ലാണ് ആദ്യ സംഘർഷം റിപ്പോർട്ട് ചെയ്തത്. ഇതിനുപിന്നാലെ സംസ്ഥാനൊട്ടാകെ നടന്ന കാലങ്ങളിൽ 175-ൽ അധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.