വലിയ പ്രമോഷനുകൾ നടത്തിയാലും നിലവാരമില്ലെങ്കിൽ സിനിമ പരാജയപ്പെടുമെന്ന് നടൻ മമ്മൂട്ടി. സിനിമക്കെതിരെ മന:പൂർവ്വം പ്രേക്ഷകർ മാർക്കിടുമെന്ന് കരുതുന്നില്ലെന്നും മമ്മൂട്ടി ദുബൈയിൽ പറഞ്ഞു. പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായമുണ്ടായിരിക്കാം. നമുക്ക് സ്വന്തമായി അഭിപ്രായമുണ്ടായിരിക്കണം. മറ്റുള്ളവരുടെ അഭിപ്രായം നമ്മുടേതാകരുത്. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാത്തത് നല്ല പ്രവണതയല്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓടുന്ന സിനിമ മാത്രം എടുക്കാനുള്ള തന്ത്രമുണ്ടായിരുന്നെങ്കിൽ തന്‍റെ എല്ലാ സിനിമയും വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രത്തിന്മേൽ പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ലെന്നും സിനിമയല്ലാതെ മറ്റു വാഗ്ദാനങ്ങളൊന്നും നൽകാനുമില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഓസ്കർ അവാർഡിന് ഇന്ത്യൻ വിഭാഗത്തിൽ നിന്ന് എൻട്രി ലഭിച്ച 2018 സിനിമ ടീമിന് മമ്മൂട്ടി അഭിനന്ദനം അറിയിച്ചു.
തിരക്കഥാകൃത്തായ റോണി ഡേവിഡ്, ചിത്രത്തിലെ മറ്റു അഭിനേതാക്കളായ അസീസ് നെടുമങ്ങാട്, ശബരീഷ് വർമ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സംഭവകഥയുമായി ബന്ധപ്പെട്ടതാണ് സിനിമ എന്നും, എഴുതുമ്പോൾ കണ്ണൂർ സ്ക്വാഡിലെ നായക കഥാപാത്രം മമ്മൂട്ടിയായിരുന്നില്ലെന്നും നടനും തിരക്കഥാകൃത്തുമായ റോണി ഡേവിഡ് പറഞ്ഞു. ആദ്യം മറ്റൊരു നടനെയായിരുന്നു സമീപിച്ചത്. പിന്നീട് മമ്മൂട്ടിയിലെത്തുകയായിരുന്നു എന്നും റോണി ഡേവിഡ് വ്യക്തമാക്കി. ജി.സി.സിയിൽ 130ലേറെ തിയറ്ററുകളിൽ വ്യാഴാഴ്ച കണ്ണൂർ സ്ക്വാഡ് പ്രദർശിപ്പിക്കുമെന്ന് ഗൾഫിലെ വിതരണക്കാരായ ഗ്ലോബൽ ട്രൂത്ത് സി.ഇ.ഒ അബ്ദുസമ്മദ് പറഞ്ഞു. മമ്മൂട്ടിക്കമ്പനിയുടെ ഏറ്റവും ചെലവേറിയെ സിനിമയാണിത്.