ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ-3 നിർണായക ഘട്ടം പൂർത്തിയാക്കി. ദൗത്യത്തിന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിക്രം ലാൻഡറിനെ ഇസ്രോ വിജയകരമായി വേർപെടുത്തി. ഇനി ലാൻഡർ ചാന്ദ്രദൗത്യവുമായി മുന്നോട്ടുപോകും. ഉച്ചയ്ക്ക് 1.30ഓടെയാണ് ഐഎസ്ആർഒ സംഘം ചന്ദ്രയാൻ-3 പേടകത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിലേക്ക് പേടകം ഒരു പടി കൂടി അടുത്തിരിക്കുകയാണ് ഇപ്പോൾ. ഇതോടെ ലാൻഡിംഗിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു.
പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡറിനെ വേർതിരിക്കുന്നത് ദൗത്യത്തിലെ ഒരു നിർണായക നാഴികക്കല്ലാണ്. ഇതിന്റെ തുടർച്ചയായി ലാൻഡറിനെ ചന്ദ്രനുചുറ്റുമുള്ള അടുത്ത ഭ്രമണപഥത്തിൽ എത്തിക്കും. വേർപെട്ട പ്രൊപ്പൽഷൻ മൊഡ്യൂൾ നിലവിലെ ഭ്രമണപഥത്തിൽ തുടരും. ചന്ദ്രോപരിതലത്തിനു 100 കിലോമീറ്റർ മുകളിലെത്തിയ ശേഷമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നു ലാൻഡർ വേർപെടുത്തിയത്. വിക്രം എന്ന ലാൻഡറിന്റെ ലാൻഡിങ് ഏരിയ നിർണയം വരും ദിവസങ്ങളിൽ നടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാൻഡിങ്. നേരത്തെ ഓഗസ്റ്റ് 16 ന് ഐഎസ്ആർഒ ഇന്ത്യൻ പേടകത്തെ 153 കിലോമീറ്റർ x 163 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു.
ചന്ദ്രയാൻ-3 ദൗത്യം നിലവിൽ ചന്ദ്രനുചുറ്റുമുള്ള 153 കിലോമീറ്റർ x 163 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ഉള്ളത്. ലാൻഡിംഗ് സൈറ്റിന്റെ തിരഞ്ഞെടുപ്പായിരിക്കും അടുത്ത പ്രധാന ഘട്ടം. ലാൻഡിംഗ് ഏരിയ വിപുലീകരിക്കുകയും ചന്ദ്രയാൻ-2 സമയത്ത് നിശ്ചയിച്ചിരുന്ന 500 ചതുരശ്ര മീറ്ററിനുപകരം 4 കിലോമീറ്റർ x 2.4 കിലോമീറ്റർ വിസ്‌തീർണ്ണമുള്ള പ്രദേശമായി ഇസ്രോ പുതുക്കി നിശ്ചയിച്ചിരുന്നു. ലാൻഡിംഗ് ശ്രമം കൂടുതൽ ലളിതമാക്കാനാണ് ഈ തീരുമാനം.
വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഓഗസ്‌റ്റ് 23ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ചന്ദ്രയാൻ-3ന് ആഴ്‌ചകൾക്ക് ശേഷം വിക്ഷേപിച്ച റഷ്യയുടെ ലൂണ-25 ദൗത്യത്തിൽ നിന്ന് ഇസ്രോ മത്സരം നേരിടുന്നുണ്ട്, പക്ഷേ ചന്ദ്രയാനെക്കാൾ രണ്ട് ദിവസം മുമ്പ് ഈ പേടകം ലാൻഡിംഗ് നടത്തുമെന്നാണ് വിലയിരുത്തൽ. രണ്ട് ദൗത്യങ്ങൾക്കും വ്യത്യസ്‌ത ലാൻഡിംഗ് ഏരിയകൾ ആസൂത്രണം ചെയ്‌തതിനാൽ കൂട്ടിയിടിയുടെ ഭയം വേണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്
ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്ന് ഐഎസ്ആർഒ കണക്കാക്കുന്നു. വിക്രം ലാൻഡറും റോവർ പ്രഗ്യാനും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപിരിഞ്ഞതോടെ ചന്ദ്രയാൻ -3 ന്റെ അവസാന നടപടികളും പൂർത്തിയായി. ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്ത് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ ജലം, മഞ്ഞ്, ധാതുക്കള്‍ എന്നിവയെക്കുറിച്ച് പഠനം നടത്തും. വിജയിച്ചാല്‍, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. പഴയ സോവിയറ്റ് യൂണിയന്‍, യുഎസ്, ചൈന എന്നിവയാണ് ഈ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.
ചന്ദ്രയാൻ -2 ദൗത്യത്തിന്റെ തുടർച്ചയായാണ് ഈ ദൗത്യം അവതരിപ്പിച്ചത്. 2019 സെപ്റ്റംബറിൽ വിക്രം ലാൻഡർ ലാൻഡിംഗ് ശ്രമത്തിനിടെ ഉദ്ദേശിച്ച പാതയിൽ നിന്ന് വ്യതിചലിക്കുകയും ആശയവിനിമയം നഷ്‌ടപ്പെടുകയും ചെയ്‌തതോടെയാണ് ദൗത്യത്തിന് തിരിച്ചടി നേരിട്ടത്. ആ ദൗത്യത്തിന്റെ പരാജയങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ചന്ദ്രയാൻ-3 രൂപകൽപന ചെയ്‌തിരിക്കുന്നത്. അൽഗോരിതങ്ങൾ പരിഷ്ക്കരിക്കുന്നതും സോഫ്റ്റ്‌വെയർ തകരാറുകൾ ലഘൂകരിക്കാനുള്ള നടപടികളും ഇതിൽ ഉൾപ്പെടുന്നു.