വിജിലൻസ് അന്വേഷണം നേരിടുന്ന മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. നാളെ രാവിലെ 11നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്. മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് രാഷ്ട്രീയ വിഷയമായി സിപിഎം ഉയർത്തിക്കൊണ്ട് വരുന്നതിനിടെയാണ് മാത്യു കുഴൽനാടനെതിരെ റവന്യൂ അന്വേഷണം വരുന്നത്. കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്.
വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേക്ക് നോട്ടീസ് നൽകിയതെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തെ തർക്കം ഉണ്ടായിരുന്നു. സർവേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടൻ എം എൽ എയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
പിഡബ്യുഡിക്ക് റോഡ് നിർമ്മിക്കാൻ കോതമംഗലത്തെ കുടുംബവീടിനോട് ചേർന്ന സ്ഥലം വിട്ടുകൊടുത്തിരുന്നുവെന്നാണ് മാത്യു കുഴൽനാടൻ പറയുന്നത്. ഈ റോഡ് നിർമ്മിച്ച ശേഷം തന്റെ വീട് ഒരു കുന്നിൻ മുകളിൽ എന്ന പോലെയായി. അവിടേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയുമായിരുന്നില്ല. അവിടേക്ക് റോഡ് വെട്ടിയിരുന്നു. അതിനെതിരെയാണ് പരാതിയുമായി ചിലർ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞത്.
മാത്യു കുഴൽനാടൻ എംഎൽഎ കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. മൂന്നാറിൽ 7 കോടി രൂപ വിലയുള്ള ഭൂമി 1.92 കോടി മാത്രം കാണിച്ചു റജിസ്‌റ്റർ ചെയ്‌ത് സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയെന്നാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. അതേസമയം, സിപിഎം ഉന്നയിച്ച കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങള്‍ നിഷേധിച്ച് മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയിരുന്നു. കൂടുതല്‍ സത്യസന്ധനാകാന്‍ ശ്രമിച്ചതാണ് ആരോപണങ്ങള്‍ക്ക് ഇട വരുത്തിയതെന്നും അധ്വാനത്തിന്റെ വിലയറിയാത്തത് കൊണ്ടാണ് സിപിഎം നേതാക്കൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കുഴല്‍ നാടന്‍ പറഞ്ഞു.