കോതമംഗലം വാരപ്പെട്ടിയിൽ കെഎസ്ഇബി ജീവനക്കാര്‍ വാഴകൾ വെട്ടിയ സംഭവത്തിൽ കർഷകന് നഷ്ടപരിഹാരം നൽകാന്‍ തീരുമാനം. കർഷകൻ തോമസിന് മൂന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ നൽകുക. കൃഷിമന്ത്രി പി. പ്രസാദുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.മാനുഷിക പരിഗണന നൽകിയാണ് തീരുമാനമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. ചിങ്ങം ഒന്നിന് തന്നെ പണം നൽകുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയതെന്നും, കർഷകനെ മുന്‍കൂട്ടി അറിയിക്കാൻ പറ്റിയില്ലെന്നതും നഷ്ടപരിഹാരം നൽകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചെന്ന് മന്ത്രി പറയുന്നു.
220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയിൽ കൃഷിചെയ്തിരുന്ന 9 മാസം പ്രായമായ 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെഎസ്ഇബി ജീവനക്കാർ വെട്ടിമാറ്റിയത്. കോതമംഗലം ഇളങ്ങവത്ത് കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്‍റെ കൃഷിടയത്തിലെ വാഴകളാണ് നശിപ്പിച്ചത്.
കര്‍ഷകന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കെഎസ്ഇബി- കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് കഴിഞ്ഞ ദിവസം വൈദ്യുതിമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന മന്ത്രിതല ചര്‍ച്ചയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായത്. ഓണവിപണി മുന്നിൽ കണ്ട് ഇറക്കിയ വിളവ് ഒരു മുന്നറിയിപ്പ് പോലും നൽകാതെയാണ് നശിപ്പിച്ചത്. കെഎസ്ഇബിയുടെ നടപടിയിൽ നാല് ലക്ഷം രൂപയുടെ നഷ്ടമെന്നായിരുന്നു കർഷകൻ പറഞ്ഞത്.