ഇതിനോടകം പല റെക്കോർഡുകളും സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫക്ക് വീണ്ടും പുതിയ റെക്കോർഡ്. 828 മീറ്റര്‍ ഉയരത്തിൽ നിർമ്മിച്ച അംബരചുംബിയായ കെട്ടിടം ഇപ്പോൾ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്ക് എന്ന റെക്കോർഡും സ്വന്തമാക്കി. പ്രതിവർഷം 17 ദശലക്ഷം സന്ദർശകരാണ് ബുർജ് ഖലീഫയിൽ എത്തുന്നത്.
സ്വിച്ച് ഓൺ ബിസിനസ് എന്ന അനലിറ്റിക്സ് വെബ്സൈറ്റ് നടത്തിയ പഠനത്തിലാണ് പുതിയ കണക്കുകളുള്ളത്. പാരീസിലെ പ്രശസ്തമായ ഈഫൽ ടവറിന്റെ മൂന്നിരട്ടി ഉയരമുള്ള ബുർജ് ഖലീഫയുടെ പേര് ഏകദേശം 22 ദശലക്ഷം പേരാണ് പ്രതിവർഷം ഗൂഗിളിൽ സേർച്ച് ചെയ്തിട്ടുള്ളത് എന്നും ഏകദേശം 17 ദശലക്ഷം സന്ദർശകർ പ്രതിവർഷം ഇവിടെത്തുന്നു എന്നും ടിക്കറ്റ് ഇനത്തിൽ ഏകദേശം 621 ദശലക്ഷം ഡോളർ വരുമാനം നേടുന്നതായും പഠനം വെളിപ്പെടുത്തി. ആഗോളതലത്തിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിച്ചതും ലോകത്തെ ഏറ്റവും അറിയപ്പെടുന്നതുമായ 150-ലധികം ലാൻഡ്‌മാർക്കുകളാണ് പഠനവിധേയമാക്കിയത്.
ഇന്ത്യയുടെ താജ്മഹലാണ് രണ്ടാം സ്ഥാനത്ത്. 22 ദശലക്ഷം പേരാണ് പ്രതിവർഷം ഗൂഗിളിൽ സേർച്ച് ചെയ്യുന്നത്. 7.5 ദശലക്ഷം സന്ദർശകരാണ് താജ് മഹളിൽ എത്തുന്നത്. നയാഗ്ര വെള്ളച്ചാട്ടമാണ് മൂന്നാമത്തേത് പ്രതിവർഷം ഗൂഗിളിൽ സേർച്ച് 1.2 ദശലക്ഷത്തിലധികവും, 13 ദശലക്ഷം ആളുകൾ നയാഗ്ര വെള്ളച്ചാട്ടം കാണാനായി എത്തുന്നുണ്ട്.