മണിപ്പൂർ വിഷയത്തിൽ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ ആരംഭിച്ചു. രാഹുല്‍ ഗാന്ധി ചർച്ചകൾക്ക് തുടക്കമിടും എന്നാണ് കരുതിയതെങ്കിലും കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ആരംഭിച്ചത്. പാര്‍ലമെന്റില്‍ സംസാരിക്കാതിരിക്കാന്‍ പ്രധാനമന്ത്രി മൗനവ്രതമെടുത്തെന്നും അതിനാല്‍, അദ്ദേഹത്തിന്റെ മൗനം ഭേദിക്കാന്‍ ഞങ്ങള്‍ക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടി വന്നെന്നും ഗൊഗോയ് പറഞ്ഞു. അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. മണിപ്പൂരിന് വേണ്ടിയാണ് പ്രതിപക്ഷസഖ്യം ഇന്ത്യ ഈ പ്രമേയം കൊണ്ടുവരുന്നത്. മണിപ്പൂരിന് നീതി വേണമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.
പ്രധാനമന്ത്രിയോട് ഞങ്ങള്‍ക്ക് മൂന്ന് ചോദ്യങ്ങളുണ്ട്. 1) എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത്? 2) മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാന്‍ ഏകദേശം 80 ദിവസമെടുത്തത് എന്തുകൊണ്ടാണ് ? സംസാരിച്ചതാകട്ടെ വെറും 30 സെക്കന്‍ഡ് മാത്രം 3) എന്തുകൊണ്ടാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയെ ഇതുവരെ പുറത്താക്കാത്തത്?’ കോണ്‍ഗ്രസ് നേതാവ് ചോദിച്ചു. മണിപ്പൂരില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എംപി പറഞ്ഞു.
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് എംപി, തന്റെ സംഘത്തോടൊപ്പം പ്രധാനമന്ത്രി അക്രമ ബാധിത സംസ്ഥാനം സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടു. ഗുജറാത്ത്, ഉത്തരാഖണ്ഡ്, ത്രിപുര മുഖ്യമന്ത്രിമാരെ മാറ്റിയപ്പോള്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂരിലെ മുഖ്യമന്ത്രിയെ മാറ്റാത്തതെന്നും ഗൊഗോയ് ചോദിച്ചു. മണിപ്പൂരിലെപ്പോലെ രണ്ട് സമുദായങ്ങള്‍ തമ്മിലുളള വേര്‍തിരിവ് ഇതുവരെ കണ്ടിട്ടില്ലെന്നും നിങ്ങളുടെ രാഷ്ട്രീയം രണ്ട് സംസ്ഥാനങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗൗരവ് ഗൊഗോയ് ലോക്സഭയില്‍ അവതരിപ്പിച്ച ഈ പ്രമേയം പിന്നീട് അംഗീകരിക്കുകയായിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് ലോക്സഭാ കാര്യ ഉപദേശക സമിതി മൂന്ന് ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10ന് പ്രമേയത്തിന് പ്രധാനമന്ത്രി മോദി മറുപടി നല്‍കും.