കേരളത്തിനോട് മനഃസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി. ആലുവ മാർക്കറ്റിലേക്കാണ് പ്രതിയെ ആദ്യമെത്തിച്ചത്. മുഖം മറയ്ക്കാതെയാണ് പ്രതിയെ കൊണ്ടുവന്നത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും ജ്യൂസ് വാങ്ങിക്കൊടുത്ത കടയിലും പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി.
രോഷാകുലരായ ജനക്കൂട്ടം അസഫാകിനെ കൊണ്ടുപോകുന്നതിനൊപ്പമുണ്ടായിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും നാട്ടുകാരും ആക്രോശിച്ചുകൊണ്ട് പ്രതി അസ്ഫാക്കിനു നേരെഎത്തിയെങ്കിലും പോലീസ് ഇവരെ പിന്തിരിപ്പിച്ചു. അമ്പതോളം പൊലീസുകാരുടെ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. ഒന്നരമണിക്കൂർ സമയത്തെ തെളിവെടുപ്പിലൂടെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പിന്നിട്ടു കഴിഞ്ഞു. ഏറ്റവുമധികം പ്രതിഷേധമുയർന്നത് ആലുവ മാർക്കറ്റിലായിരുന്നു. ആലുവ മാർക്കറ്റിന് പുറത്തുളള കടയിലും ബിവറേജ് ഔട്ട്ലെറ്റിലും പെൺകുട്ടിയുടെ വീട്ടിലും പരിസരത്തും അസഫാകിനെ എത്തിച്ചിരുന്നു. അസഫാക് ആലം മുമ്പ് താമസിച്ചിരുന്ന ഉളിയന്നൂരിലെ വീട്ടിലുമെത്തിച്ചിരുന്നു.
കഴിഞ്ഞ മാസം 28 നാണ് പ്രതി അസഫാക് ആലം അഞ്ചുവയസ്സുളള പെൺകുഞ്ഞിനെ പീഡിപ്പിച്ച്, കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു. ഈ സ്ഥലത്ത് നിന്ന് കുട്ടിയുടെ വസ്ത്രവും ചെരിപ്പും പൊലീസ് പിന്നീട് കണ്ടെടുത്തിരുന്നു. സംഭവത്തിൽ അസഫാക് മാത്രമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഈ മാസം 10ന് പ്രതിയുടെ കസ്റ്റഡി അവസാനിക്കും.