കനത്ത ചൂടിന് ആശ്വാസമായി ദുബായിൽ നേരിയ മഴ ലഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴ ലഭിച്ചു. കഴിഞ്ഞ ദിവസവും യു എ ഇ യുടെ ചില ഭാഗങ്ങളിൽ മഴ ലഭിച്ചിരുന്നു. ഇന്ന് പകൽ സമയത്ത് പൊടികാറ്റിന് സാധ്യതയുണ്ടെന്നും ഉച്ചയോടെ കിഴക്കും തെക്കും ചില മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ടെന്നും ഇത് മഴയ്ക്ക് കാരണമായേക്കാമെന്നും കാലാവസ്ഥാകേന്ദ്രംനേരത്തെ അറിയിച്ചിരുന്നു
അൽഐനിൽ കഴിഞ്ഞ ദിവസം വേനൽമഴ തകർത്തു പെയ്തതോടെ അൽഐൻ റോഡുകളിൽ പൊലീസ് വേഗപരിധി കുറച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ വിരുന്നെത്തിയ കനത്ത മഴ യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ ആശ്വാസം പകർന്നെങ്കിലും റോഡിൽ കാഴ്ച മങ്ങിയതോടെയാണ് പൊലീസ് വാഹനങ്ങളുടെ വേഗപരിധി കുറച്ചത്.
ശക്തമായ മഴയെ തുടർന്ന് വ്യാഴാഴ്ച ഷാർജയിലെ വിവിധയിടങ്ങളിലും എൻ.സി.എം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. അതേസമയം, റോഡിൽ ദൃശ്യപരത കുറയുന്നതിനാൽ വാഹനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് അഭ്യർഥിച്ചു.