തോഷഖാന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ്. കേസിൽ ഇമ്രാൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇസ്ലാമാബാദ് വിചാരണ കോടതി, അഞ്ച് വർഷത്തേക്ക് സജീവ രാഷ്ട്രീയത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അദ്ദേഹത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. കുലാഹോറിലെ സമാൻ പാർക്കിലെ വീട്ടിൽ നിന്നാണ് ഇമ്രാനെ അറസ്റ്റ് ചെയ്തതെന്ന് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ട്വീറ്റ് ചെയ്തു.
ഇമ്രാൻ ഖാന്റെ വീടിന് പുറത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്, സമാൻ പാർക്ക് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അറസ്റ്റിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്താൻ ഭരണഘടനാപരമായ അവകാശം ജനങ്ങൾക്കുണ്ടെന്ന് പിടിഐ ജനറൽ സെക്രട്ടറി ഒമർ അയൂബ് ഖാൻ പറഞ്ഞു.
വിദേശ പ്രമുഖരും ഭരണാധികാരികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും സർക്കാരുകളുടെ തലവന്മാരും നൽകുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന ക്യാബിനറ്റ് ഡിവിഷനു കീഴിലുള്ള വകുപ്പാണ് തോഷഖാന. 2018ല്‍ അധികാരത്തിലെത്തിയ ഇമ്രാന്‍ ഖാന് ഔദ്യോഗിക സന്ദര്‍ശന വേളയില്‍ സമ്പന്ന അറബ് ഭരണാധികാരികളില്‍ നിന്ന് വിലകൂടിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. അവ തോഷഖാന ട്രഷറിയില്‍ നിക്ഷേപിച്ചിരുന്നു. പിന്നീട് അത് ബന്ധപ്പെട്ട നിയമങ്ങള്‍ക്കനുസൃതമായി കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും വന്‍ ലാഭത്തിന് വില്‍ക്കുകയും ചെയ്തു. 21.56 മില്യണ്‍ രൂപ നല്‍കി സംസ്ഥാന ട്രഷറിയില്‍ നിന്ന് വാങ്ങിയ സമ്മാനങ്ങള്‍ ഏകദേശം 58 മില്യണ്‍ രൂപക്കാണ് വിറ്റതെന്ന് ഖാന്‍ കമ്മീഷന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഒരു ഗ്രാഫ് റിസ്റ്റ് വാച്ച്, ഒരു ജോടി കഫ്‌ലിങ്ങുകള്‍, വിലകൂടിയ പേന, ഒരു മോതിരം, നാല് റോളക്‌സ് വാച്ചുകള്‍ എന്നിവയാണ് സമ്മാനങ്ങളില്‍ ഉള്‍പെട്ടിരുന്നത്.