ലൈഫ് മിഷൻ കോഴ കേസിൽ സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച എം ശിവശങ്കർ ജയിലിൽ നിന്നും പുറത്തിറങ്ങി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ജാമ്യാപേക്ഷയിലാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചത്. കാക്കനാട് ജില്ലാ ജയിലിലായിരുന്നു ശിവശങ്കറിനെ പാർപ്പിച്ചിരുന്നത്. ചികിത്സ ആവശ്യത്തിന് മാത്രം ഈ കാലാവധി ഉപയോഗിക്കണമെന്ന കർശന വ്യവസ്ഥയിലാണ് ജാമ്യം.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ലൈഫ് മിഷന്‍ കോഴ കേസില്‍ ശിവശങ്കറിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്.. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കസ്‌റ്റഡിയില്‍ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ കൊച്ചിയിലെ പ്രത്യേക ഇഡി കോടതിയിലും ഹൈക്കോടതിയിലും എത്തിയിരുന്നെങ്കിലും ഇവയെല്ലാം തളളിയിരുന്നു. പിന്നീടാണ് ശിവശങ്കര്‍ കഴിഞ്ഞ ഏപ്രിലില്‍ ജാമ്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണ് സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ശിവശങ്കറിനെതിരെയുളള ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.