ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന റാലിക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് സംഘർഷം. ഗുരുഗ്രാം അൽവാർ ദേശീയപാതയിൽ വച്ച് ഒരുസംഘം റാലി തടസപ്പെടുത്തുകയും കല്ലുകൾ എറിയുകയുമായിരുന്നു. നിരവധി കാറുകൾ കത്തിക്കുകയും ചെയ്തു. പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും അന്തരീക്ഷത്തിലേക്കു വെടിയുതിർക്കുകയും ചെയ്തു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. പൊലീസ് നടപടിയിൽ 20ഓളം പേർക്ക് പരിക്കേറ്റു. ഒരാൾക്ക് വെടിയേറ്റു.
റാലിയിൽ പങ്കെടുക്കാനെത്തിയ 2,500 ഓളം ജനങ്ങൾ ഗുരുഗ്രാമിലെ ഒരു ക്ഷേത്രത്തിൽ അഭയം തേടിയതായും പൊലീസ് പറഞ്ഞു. ഇവരെ സ്ഥലത്തുനിന്ന് ഒഴിപ്പിക്കാൻ പൊലീസിനായിട്ടില്ല. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുകയും കൂട്ടം കൂടുന്നതു നിരോധിച്ച് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. ബജ്റംഗ്ദൾ പ്രവർത്തകൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വിഡിയോയാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.