തൃച്ചി – ഷാർജ എയർ ഇന്ത്യ എക്പ്രസ്സ് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. സാങ്കേതിക കാരണങ്ങളാലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് 50മിനിറ്റിനുള്ളിലാണ് വിമാനം പുറപ്പെട്ടത്. എന്നാൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.
തിരുച്ചിറപ്പള്ളിയിൽ നിന്ന് പറന്നുയന്ന ഉടനെ അടിയന്തിര ലാൻഡിംഗ് വേണ്ടി വരുമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ള വിമാനത്താവളമായ തിരുവനന്തപുരത്ത് ഇറക്കാൻ വിവരം ലഭിക്കുകയായിരുന്നു. ലാൻഡിങ് ഗിയർ തകരാറാണ് പ്രശ്നമെന്നാണ് വിവരം. നിലവിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
വിമാനത്തിലെ ഇന്ധനം തീർക്കാനായി വട്ടമിട്ട് പറന്ന ശേഷമായിരുന്നു ലാൻഡിംഗ്. അടിയന്തര ലാൻഡിംഗിനിടെ മറ്റ് പ്രശ്‌നങ്ങൾ സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിൽ ഇന്ധനം തീർക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി പ്രഖ്യാപിച്ചിരുന്നു. ആംബുലൻസുകൾ, പൊലീസ് എന്നിങ്ങനെ ഏത് സാഹചര്യവും നേരിടാൻ വിമാനത്താവളം സജ്ജമായിരുന്നു.