കേരളത്തിന് ഒരു വന്ദേഭാരത് കൂടി അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കാസർകോട് നിന്ന് തലസ്ഥനത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി അനുവദിക്കുമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു. സിൽവർ ലൈൻ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാർ ഉദ്ദേശിച്ച രീതിയിൽ ഒരിക്കലും പദ്ധതി നടക്കാൻ പോകുന്നില്ല. മെട്രോമാൻ ഇ ശ്രീധരന്‍റെ അഭിപ്രായം സര്‍ക്കാർ അംഗീകരിക്കും എന്ന് തോന്നുന്നില്ലെന്നും വിഷയത്തിൽ കേരള സർകാർ പ്രതികരിക്കട്ടെ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന് രണ്ടാമത് വന്ദേ ഭാരത് അനുവദിക്കുമെന്ന് ഉറപ്പ് നൽകിയെന്നാണ് കെ. സുരേന്ദ്രൻ പറഞ്ഞത്. രാജ്യത്താകമാനം ഓടുന്ന 23 വന്ദേഭാരത് എക്സ്പ്രസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനം കേരളത്തിലോടുന്ന ട്രെയിനിനാണ്. കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് സർവീസിനാണ് ഒന്നാംസ്ഥാനം. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കു പോകുന്ന സർവീസാണ് രണ്ടാംസ്ഥാനത്ത്. വൈകാതെ നടപടികൾ പൂർത്തിയാക്കി രണ്ടാം വന്ദേ ഭാരത് ഓടി തുടങ്ങും എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.