രാജ്യത്തുടനീളമുള്ള ബീച്ചുകളിൽ ബീച്ചുകളിൽ നീന്തൽക്കാരെ നിരീക്ഷിക്കാനും സംരക്ഷിക്കാനും നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന നിരീക്ഷണ കാമറകൾ ഉടൻ സ്ഥാപിക്കും. ലൈഫ് ഗാർഡുകൾക്ക് ബീച്ചിലെത്തുന്നവരെ നിരീക്ഷിക്കുന്നതിനും നീന്തലിനിടെയുണ്ടാകുന്ന അപകടങ്ങൾ തിരിച്ചറിയാനും പുതിയ കാമറകൾ സഹായകമാവും.
വാട്ടർ സേഫ്റ്റി ആൻഡ് ഫസ്റ്റ് എയ്ഡ് കമ്പനിയായ ബ്ലൂഗാർഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇത്തരം സാങ്കേതിക വിദ്യകളോടെയുള്ള നിരീക്ഷണ കാമറകൾ നിർമിക്കുന്ന കമ്പനിയുമായി ബ്ലൂഗാർഡ് ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ കാമറ സ്ഥാപിക്കുമെന്ന് ബ്ലൂഗാർഡിലെ വിദഗ്ധർ അറിയിച്ചു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ജൂലൈ 25 ആദ്യത്തെ മുങ്ങിമരണ പ്രതിരോധ ദിനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിരോധ നടപടി പ്രഖ്യാപിച്ചത്.
തിരക്കേറിയ സമയങ്ങളിൽ യു.എ.ഇയിലെ ബീച്ചുകളിൽ നൂറിലധികം പേരാണ് നീന്താനിറങ്ങുന്നത്. ഇവർക്കായി പലപ്പോഴും ഒരു ലൈഫ് ഗാർഡായിരിക്കും ഉണ്ടാവുകയെന്ന് ബ്ലൂഗാർഡ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ലൂക് കണ്ണിങ്ഹാം പറഞ്ഞു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് എത്ര പേർ കടലിൽ കുളിക്കുന്നുണ്ടെന്ന് കൃത്യമായി കണ്ടെത്താനാവും. കടലിൽ നീന്തുന്നവരിൽ ആർക്കെങ്കിലും പ്രയാസം നേരിട്ടാൽ കാമറ ഇത് ഒപ്പിയെടുത്ത് ലൈഫ് ഗാർഡിന് കൈമാറും. ഇതുവഴി ലൈഫ് ഗാർഡുകൾക്ക് അപകടത്തിൽപെട്ടവരെ വേഗത്തിൽ രക്ഷപ്പെടുത്താൻ സാധിക്കും.