മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷസഖ്യ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ഭാരത് രാഷ്ട്ര സമിതിയും (BRS) നോട്ടീസ് സമര്‍പ്പിച്ചിരുന്നു. ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയാണ് ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഓഫീസില്‍ നോട്ടീസ് നല്‍കിയത്. എല്ലാ എംപിമാരോടും പാർലമെന്‍ററി ഓഫീസിൽ ഉണ്ടായിരിക്കണമെന്ന് നിർദ്ദേശം നൽകി കോൺഗ്രസ് വിപ്പ് പുറപ്പെടുവിച്ചു. അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കിൽ ലോക്സഭയിലെ അമ്പത് എംപിമാരുടെ പിന്തുണ വേണം.
അവിശ്വാസ പ്രമേയം ക്രമപ്രകാരമാണെന്നു കണ്ടാല്‍ സ്പീക്കര്‍ പ്രമേയം സഭയില്‍ വായിക്കും. തുടര്‍ന്ന് പ്രമേയത്തെ അനുകൂലിക്കുന്ന അംഗങ്ങളോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെടും. 50 പ്രതിപക്ഷ അംഗങ്ങളെങ്കിലും ഇതിനെ അനുകൂലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വിഷയത്തിൽ റൂൾ 176 അനുസരിച്ച് ഹ്രസ്വ ചർച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ വിഷയത്തിൽ സംസാരിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം മുതല്‍ മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ജൂലൈ 20നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. ജൂലൈ 19 ന്, മണിപ്പൂരില്‍ ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ രാജ്യമൊട്ടുക്കെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പാര്‍ലമെന്റിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുന്നത്.
പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്ന ദിവസം, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ചിരുന്നു. സ്ത്രീകളെ നഗ്നരാക്കി റോഡില്‍ കൂടി നടത്തിയ സംഭവത്തെ അപലപിച്ചാണ് മോദി പ്രതികരിച്ചത്. പുറത്ത് വരുന്ന ദൃശ്യങ്ങള്‍ വേദനാജനകമാണ് , മണിപ്പൂരിലെ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവം പൊറുക്കാനാവില്ല.പരിഷ്കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് നടന്നത്.കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നിയമം സര്‍വശക്തിയില്‍ പ്രയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം മെയ്ത്തൈയ് വിഭാഗക്കാരുടെ പലായനം ഉള്ള മിസോറാമിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇന്റർനെറ്റ് ഭാഗികമായി പുനസ്ഥാപിച്ച മണിപ്പൂരിൽ കനത്ത ജാഗ്രത തുടരുകയാണ് .