സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാൻ ചലച്ചിത്രവികസന കോർപ്പറേഷൻ രൂപവത്കരിച്ച സമിതിയിൽനിന്നു നടി മഞ്ജുവാര്യരും ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയും പിന്മാറി. സിനിമാനയം രൂപവത്കരിക്കുന്നതിന് മുന്നോടിയായിട്ടാണ് സർക്കാർ സമിതിയുണ്ടാക്കിയത്. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കൺവീനർ. എം.എൽ.എ.യും നടനുമായ എം. മുകേഷ്, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടിമാരായ പത്മപ്രിയ, നിഖിലാ വിമൽ, നിർമാതാവ് സന്തോഷ് കുരുവിള, അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവരാണ് മറ്റംഗങ്ങൾ.
സെപ്റ്റംബറിൽ കൊച്ചിയിൽ നടക്കുന്ന സിനിമാ കോൺക്ലേവിന് മുന്നോടിയായി കരട് തയ്യാറാക്കാനാണ് തീരുമാനം. രണ്ടുമാസത്തിനുള്ളിൽ കരട് റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു തീരുമാനം. സിനിമാനയം, സിനിമയ്ക്ക് പ്രത്യേക അതോറിറ്റി എന്നിവ കഴിഞ്ഞ സർക്കാരിന്റെകാലത്തെ പ്രഖ്യാപനങ്ങളാണ്. എന്നാൽ, അതോറിറ്റിയോട് സിനിമാ മേഖലയിലെ സംഘടനകൾക്ക് താത്പര്യമില്ല. സിനിമാമേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി ശുപാർശകളിൽ സിനിമാനയം തയ്യാറാക്കണമെന്നും നിർദേശമുണ്ടായിരുന്നത്.
അതേസമയം സംസ്ഥാന ചലച്ചിത്ര നയമുണ്ടാക്കാനായി സർക്കാർ രൂപവത്കരിച്ച കമ്മിറ്റിക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ സി സി. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ കൂടി പരിഹരിക്കാൻ ലക്ഷ്യമിട്ട് കമ്മിറ്റിയുണ്ടാക്കിയതിൽ സന്തോഷമുണ്ട്. എന്നാൽ അത് നടപ്പാക്കിയ രീതി നിരാശപ്പെടുത്തുന്നതാണെന്ന് ഡബ്ല്യു സി സി വ്യക്തമാക്കി. ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികൾക്ക് തങ്ങളുടെ ജോലിസ്ഥലത്ത് ആഴത്തിൽ വേരൂന്നിയ പ്രശ്‌നങ്ങൾക്ക് പ്രായോഗികമായ ഒരു പരിഹാരവും വാഗ്ദാനം ചെയ്യാൻ സാധിക്കില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഡബ്ല്യു സി സി ഫേസ്ബുക് കുറിപ്പിൽ പങ്കുവച്ചു.