പാര്‍ട്ടിയെയും നേതാക്കളെയും നിരന്തരം അവഹേളിക്കുന്നുവെന്ന് കാണിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകി. അടുത്തിടെ വി. മുരളീധരനും കെ. സുരേന്ദ്രനുമെതിരെ ശോഭ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. നിരന്തര വിമര്‍ശനം പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ശോഭ സുരേന്ദ്രനും സംസ്ഥാന നേതൃത്വവും ഇടഞ്ഞുനില്‍ക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പരസ്യപ്രതികരണം പാര്‍ട്ടിക്കകത്തെ വിഭാഗീയത കൂടാനും കാരണമാകുമെന്ന് കണക്കുകൂട്ടുന്നു.
അതേസമയം, മുതിര്‍ന്ന നേതാക്കളെ അണിനിരത്തി ശോഭയുമായുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന നേതൃത്വം ആരംഭിച്ചിട്ടുണ്ട്. എത്രയും വേഗം പ്രശ്നം പരിഹരിക്കുന്നതിനായി ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ. സുഭാഷ്, ശോഭ സുരേന്ദ്രനെ നേരിട്ടുകണ്ട് ചര്‍ച്ച നടത്തും. കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും ഏതെങ്കിലും ജില്ലയുടെ ചുമതല നല്‍കണമെന്നുമാണ് ശോഭ സുരേന്ദ്രന്‍റെ ആവശ്യം. ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കും. ഇതിനൊപ്പം ഇടഞ്ഞുനില്‍ക്കുന്ന മറ്റു മുതിര്‍ന്ന നേതാക്കളെയും അനുനയിപ്പിക്കാന്‍ ശ്രമിക്കും.