മണിപ്പൂരിൽ നടന്നുവന്ന സംഘർഷങ്ങൾക്കിടെ കൂടുതൽ സ്ത്രീകൾ ലൈംഗിക അതിക്രമത്തിന് ഇരയായതായി റിപ്പോർട്ട് പുറത്തുവരുന്നു. ഇംഫാലിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടം ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് വിവരം. കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീയെ ചുട്ടുകൊന്നുഎന്നും റിപോർട്ടുകൾ ഉണ്ട്. സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം ചെയ്ത സംഭവത്തിൽ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ അഞ്ചാമത്തെ പ്രതിയാണ് അറസ്റ്റിലാകുന്നത്. യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്നയാളാണ് അറസ്റ്റിലായത്. ലൈംഗിക അതിക്രമത്തിനെതിരെ വ്യാപകരോഷം ഉയരുന്നതിനിടെയാണ് നടപടി.
സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവം പുറത്ത് വന്ന സാഹചര്യത്തിൽ മിസോറമിൽ മെയ്ത്തി വിഭാഗക്കാർ താമസിക്കുന്ന മേഖലയിൽ സുരക്ഷ വർധിപ്പിച്ചു. സംഘർഷ സാഹചര്യം നിലനിൽക്കുന്നത് കണക്കിലെടുത്താണ് നടപടി. മിസോറമിലെ ഐസാവലിൽ ആണ് സുരക്ഷ വർധിപ്പിച്ചത്.അതിനിടെ ഗാരിയിൽ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം ഉണ്ടായി അതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഗാരിയിൽ നടന്ന സ്ത്രീകളുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയ സ്ത്രീകള്‍ റോഡില്‍ ടയര്‍ കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സ്ഥലത്ത് പൊലീസിനെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും നിയോഗിച്ചു.
അതേസമയം മണിപ്പൂരിലെ ലൈംഗികാതിക്രമത്തിൽ കടുത്ത വിമർശനവുമായി നാഗ വിഭാഗം രംഗത്ത് വന്നു. ഇത്തരം കൊടും ക്രൂരത അനുവദിക്കാനാക്കില്ലെന്ന് നാഗ എംഎൽഎമാർ നിലപാടെടുത്തു. ബിജെപിയിലെയും ബിജെപി സഖ്യകക്ഷിയിലെയും നാഗ എംഎൽഎമാരാണ് കടുത്ത അതൃപ്തി പരസ്യമാക്കിയത്.