ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ 145 ല്‍ അധികം ആളുകള്‍ മരണമടഞ്ഞു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ ജനജീവിതം സ്തംഭിച്ചു. ഹിമാചലിൽ മഴക്കെടുതിയിലും വാഹനാപകടങ്ങളിലും മരിച്ചവരുടെ എണ്ണം 91 ആയി.14 പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞു. കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തിന്റെ പലഭാഗത്തെയും റോഡു ഗാതാഗതം തടസ്സപ്പെടുകയും പാലങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തു. 1,110 റോഡുകള്‍ ഇപ്പോഴും തടസപ്പെട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്റര്‍ അറിയിച്ചു. മഴക്കെടുതിയില്‍ ഹിമാചല്‍ പ്രദേശിന് 2,108 കോടി രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഏകദേശം 4000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് മുഖ്യമന്ത്രി കണക്കാക്കിയിരിക്കുന്നത്.
ഡല്‍ഹിയില്‍, യമുന നദിയിലെ ജലനിരപ്പ് റെക്കോര്‍ഡ് നിലയിലെത്തിയോടെ രാജ്യതലസ്ഥാനം പ്രളയസാഹചര്യം നേരിടുകയാണ്. റോഡുകളിലും വീടുകളിലും വെള്ളം കയറി. ജൂലൈ 16 വരെ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ പ്രവേശനത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ യമുനയിലെ ജലനിരപ്പ് സ്ഥിരമായ നിലയിലെത്തിയെന്നും താഴ്ന്നു തുടങ്ങിയതായും സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, അപകടനിലയില്‍ നിന്ന് മൂന്ന് മീറ്റര്‍ മുകളിലാണ് നദി ഇപ്പോഴും ഒഴുകുന്നത്. യമുനയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ വസീറാബാദ്, ചന്ദ്രവാല്‍, ഒഖ്ല എന്നീ മൂന്ന് ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചതിനെത്തുടര്‍ന്ന് തലസ്ഥാനത്ത് കുടിവെള്ളവിതരണം തടസപ്പെട്ടേക്കാമെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ അറിയിച്ചിരുന്നു. ഡല്‍ഹിക്കു പുറമെ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ നാശം വിതച്ചിരിക്കുകയാണ്
അതേസമയം ഡല്‍ഹിയിലെ വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി ഫ്രാന്‍സില്‍ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിച്ചതായും ഡല്‍ഹിയിലെ പ്രളയ സാഹചര്യത്തെക്കുറിച്ച് ചോദിച്ചറിഞ്ഞതായും ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.