റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അഞ്ച് മാസത്തിലേറെയായി രാജ്യത്തെ മുൻനിര ഗുസ്തിതാരങ്ങൾ നടത്തുന്ന പ്രതിഷേധം അവസാനിപ്പിച്ചു. എന്നാൽ നിയമ പോരാട്ടം തുടരുമെന്നും താരങ്ങൾ അറിയിച്ചു. സാക്ഷി മാലിക്കാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അതേസമയം, സാമൂഹ്യമാധ്യമങ്ങളിൽ നിന്നും ഇടവേളയെടുക്കുന്നുവെന്നും താരങ്ങൾ അറിയിച്ചു. വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കുമാണ് സാമൂഹ്യമാധ്യമങ്ങളിൽ നിന്നും മാറി നിൽക്കുകയാണെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും ട്വീറ്റ് ചെയ്തത്.
ബ്രിജ് ഭൂഷൺ സിംഗിനെതിരെ ജൂൺ 15 നകം കുറ്റപത്രം സമർപ്പിക്കുമെന്ന് സർക്കാരുമായുള്ള ഗുസ്തിക്കാരുടെ യോഗത്തിൽ ഉറപ്പുനൽകിയിരുന്നു. ആ ഉറപ്പ് പാലിച്ചുകൊണ്ട് ഞായറാഴ്ച. ജൂൺ 15 ന് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയതിനാൽ പ്രതിഷേധം അവസാനിപ്പിക്കാൻ സമരക്കാർ തീരുമാനിക്കുകയായിരുന്നുവെന്നും സാക്ഷി അറിയിച്ചു.
നൽകിയ പരാതി വ്യാജമാണെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അച്ഛന്‍റെ വെളിപ്പെടുത്തലോടെ നേരത്തെയെടുത്ത പോക്സോ കേസ് ദുർബലമായിരുന്നു. നൽകിയത് വ്യാജ പരാതിയാണെന്നും, മകൾക്ക് ചാംപ്യൻഷിപ്പിൽ സെലക്ഷൻ ലഭിക്കാത്തതിനെ തുടർന്നുണ്ടായ വിരോധമാണ് കാരണമെന്നും കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ അച്ഛൻ വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തിയിരുന്നു. 15നകം കോടതിയിൽ സമർപ്പിക്കാനിരിക്കുന്ന കുറ്റപത്രത്തിൽ പൊലീസ് ഇത് ഉൾപ്പെടുത്തും. എന്നാൽ ഈ കേസിൽ ആധികാരിക തെളിവുകളൊന്നുമില്ല എന്ന് ബ്രിജ് ഭൂഷണനെതിരെ പ്രായപൂർത്തിയാകാത്ത ഗുസ്തി താരം നൽകിയ പരാതി റദ്ദാക്കാൻ പോലീസ് ശുപാർശ ചെയ്തു. ഗുസ്തിക്കാർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും ബ്രിജ് ഭൂഷൺ നിഷേധിച്ചു.

