ബിഹാറിലെ വിശാല പ്രതിപക്ഷ യോഗത്തിനെതിരെ കടുത്ത വിമർശനവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ബിജെപിയും തമ്മിൽ കരാറുണ്ടെന്നാണ് എഎപിയുടെ ആരോപണം. രാഹുൽ ഗാന്ധിയും ബിജെപിയും തമ്മിൽ കരാറുണ്ടാക്കിയെന്നാണു വിശ്വസനീയ കേന്ദ്രങ്ങളിൽനിന്ന് കിട്ടിയ വിവരമെന്നും കേന്ദ്ര സർക്കാരിന്റെ ഭരണഘടനാവിരുദ്ധ ഓർഡിനൻസിൽ കോൺഗ്രസ് നിലപാട് പറയാൻ എന്തിനാണ് ഇത്രയേറെ സമയമെടുക്കുന്നത് എന്നും എഎപി വക്താവ് പ്രിയങ്ക കക്കാർ ചോദിച്ചു.
കേന്ദ്രത്തിന്റെ ഓർഡിനൻസിനെതിരായ ആംആദ്മിയുടെ പ്രതിഷേധങ്ങളെ പിന്തുണച്ചില്ലെങ്കിൽ യോഗം ബഹിഷ്കരിക്കും എന്ന് കോൺഗ്രസിന് അന്ത്യശാസനവുമായി എഎപി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. തുടർന്നാണ് എ എ പി യുടെ രൂക്ഷ വിമർശനം. അതേസമയം പട്നയില്‍ ചേരുന്ന ബിജെപിവിരുദ്ധ പ്രതിപക്ഷ നേതൃയോഗത്തെ പ്രതിപക്ഷനേതൃയോഗം ഫോട്ടോ സെഷനെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിഹസിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുൻകയ്യെടുത്ത്, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള വഴികൾ തേടിയാണ് പ്രതിപക്ഷ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ, സമാജ്‌വാദി പാർട്ടി, സിപിഎം, സിപിഐ, ആർജെഡി, ജെഡിയു, എൻസിപി, ശിവസേന, ജെഎംഎം, പിഡിപി, നാഷനൽ കോൺഫറൻസ്, മുസ്‌ലിം ലീഗ്, ആർഎസ്പി, കേരള കോൺഗ്രസ് (എം) എന്നിവയടക്കം 20 കക്ഷികൾ പങ്കെടുക്കുന്നുണ്ട്. ബിഎസ്പി, ബിആർഎസ് എന്നീ പാർട്ടികൾ പങ്കെടുക്കില്ല.

