സംസ്ഥാനത്ത് പനി ബാധിത മരണം തുടരുകയാണ്. ഡെങ്കിപ്പനി ബാധിച്ച് തൃശ്ശൂരിൽ ചികിത്സയിലായിരുന്ന 13 കാരനും തിരുവനന്തപുരത്ത് 56 കാരനും മരിച്ചു. ചാഴൂര്‍ സ്വദേശി ധനിഷ് (13), തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിജയന്‍ (56) എന്നിവരാണു മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ധനിഷ് മരിച്ചത്. ചാഴൂർ എസ്എൻഎംഎച്ച്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധനിഷ്. ഇതോടെ വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 41 ആയി.
പനി ബാധിച്ച് ഈ മാസം മാത്രം ചികിത്സ തേടിയവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ പനിബാധിതരുള്ളത്. വൈറൽപ്പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. സർക്കാർ ആശുപത്രികളിലെല്ലാം പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ആരംഭിച്ചാൽ സ്വയംചികിത്സ നടത്താതെ വിദഗ്ധ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.