പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടയുളള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിഴ അടച്ചു. 380000 രൂപയാണ് പൊതുമുതല്‍ നശിപ്പിച്ചതിന് പിഴയൊടുക്കിയത്. 2011 ജനുവരി19 ന് വടകര ഹെഡ് പോസ്റ്റ് ഓഫിസിലെ ഉപകരണങ്ങളും മറ്റും തല്ലിത്തകര്‍ത്ത കേസിലാണ് നടപടി. സബ് കോടതിയും ജില്ലാ കോടതിയും പുറപ്പെടുവിച്ച വിധിയിലാണ് 12 നേതാക്കൾ ചേർന്ന് നഷ്ടപരിഹാരം ഒടുക്കിയത്. പലിശ അടക്കമുള്ള തുകയാണ് അടച്ചത്. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ നടത്തിയ മാർച്ചിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഗണിച്ചാണ് കേസ്. പിഡിപി പി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്ത കേസാണിത്. തപാൽ വകുപ്പാണ് പരാതിക്കാർ.
ഡിവൈഎഫ്‌ഐ നേതാവായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തി. കമ്പ്യൂട്ടര്‍ തകര്‍ത്തു, പോസ്റ്റ് ഓഫീസിലെ കിയോസ്‌ക് നശിപ്പിച്ചു, മറ്റു നാശനഷ്ടങ്ങള്‍ വരുത്തി എന്നിങ്ങനെ ആരോപിച്ചായിരുന്നു കേസ്. അന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്ന റിയാസ് ഒന്നാം പ്രതിയായി 12 പേര്‍ക്കെതിരേയായിരുന്നു കേസ്. വടകര സബ്‌കോടതി ശിക്ഷവിധിച്ചു. ഇതിനെതിരേ ജില്ലാ കോടതിയില്‍ അപ്പീല്‍ പോയെങ്കിലും ശിക്ഷ ശരിവെച്ചു. അപ്പീല്‍ വൈകിയതിനാല്‍ ഹൈക്കോടതി അപ്പീല്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് വര്‍ഷങ്ങളായി പിഴത്തുക അടയ്ക്കാതെ ഒഴിഞ്ഞുനടക്കുകയായിരുന്നു. 2014 ൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടിരുന്നു. പിഴ സഹിതം പണം ഒടുക്കിയില്ലെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്തു പണം ഈടാക്കണമെന്ന് തപാൽ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.