യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ പൊലീസ് കേസ്. മലപ്പുറം വളാഞ്ചേരിയില്‍ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ഗതാഗത തടസ്സം സൃഷ്ടിച്ചു, അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ നിഹാദ് സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന ‘തൊപ്പി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാള്‍ക്കെതിരെ വളാഞ്ചേരിയിലെ ട്രോമോ കെയര്‍ വളണ്ടിയറും മാധ്യമ പ്രവര്‍ത്തകനുമായ സൈഫുദ്ധീന്‍ പാടത്താണ് പരാതി നല്‍കിയത്. ഉദ്ഘാടനത്തിനായി കൊണ്ടുവന്ന കടയുടമയുടെ പേരിലും കേസുണ്ട്.
ജൂണ്‍ 17ന് ആയിരുന്നു വളാഞ്ചേരി കരിങ്കല്ലത്താണിയിലെ ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിന് ‘തൊപ്പി’ എത്തിയത്. വന്‍ ജനക്കൂട്ടമാണ് ഇയാളെ കാണാനായി തടിച്ചുകൂടിയത്. തുടര്‍ന്ന് ഇയാള്‍ മൈക്കിലൂടെ സംസാരിച്ചിരുന്നു. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയില്‍ അശ്ലീല പദപ്രയോഗങ്ങളും മറ്റും നടത്തി സമൂഹത്തില്‍ അരാജകത്വം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് പൊലീസിന് ലഭിച്ച പരാതിയിലുണ്ട്. കണ്ണൂര്‍ ശൈലിയിലുള്ള സംസാരത്തിലൂടെ ഫാന്‍സിനെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്റെയും മറ്റും പേരില്‍ വിമര്‍ശനവും നേരിടുന്നുണ്ട്.
സ്ത്രീവിരുദ്ധതയും തെറിവിളിയും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്ന ‘തൊപ്പി’ പോലുള്ള വ്ലോഗർമാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സാമൂഹിക വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വിഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.