ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുളള യാത്രയ്ക്കിടെ കാണാതായ ആന്തര്‍വാഹിനിയ്ക്കായുളള തിരച്ചില്‍ ഊർജ്ജിതമാക്കി. കാണാതായ ടൈറ്റനെന്ന സമുദ്രപേടകത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് സമുദ്രാന്തർഭാഗം വലിയ വെല്ലുവിളിയാണ്. 96 മണിക്കൂറിനുമാത്രമുള്ള ഓക്സിജനുമായി പര്യടനത്തിനിറങ്ങിയ ടൈറ്റനിൽ ഇനി ഏതാനും മണിക്കൂർ കൂടി മാത്രമാണ് ഓക്സിജൻ ഉള്ളത് എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. എങ്കിലും ടൈറ്റനിലെ അഞ്ച് യാത്രക്കാരെയും രക്ഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കടലിന്റെ അടിത്തട്ടിൽ ടൈറ്റൻ കുടുങ്ങിപ്പോയെങ്കിൽ അതു പൊക്കിയെടുത്ത് ഉപരിതലത്തിലെത്തിക്കുക അസാധ്യമെന്നും വിദഗ്ധർ പറയുന്നു. കഴിഞ്ഞ ദിവസം കടലിനുള്ളിൽ നിന്ന് അനുഭവപ്പെട്ട ശബ്ദ തരംഗങ്ങളെ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. ശബ്‌ദങ്ങൾ തിരച്ചിലിന് പ്രതീക്ഷ നൽകിയെങ്കിലും അവയുടെ കൃത്യമായ സ്ഥാനവും ഉറവിടവും ഇതുവരെ നിർണ്ണയിച്ചിട്ടില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. ഞായറാഴ്ച ടൈറ്റൻ കാണാതായ വടക്കൻ അറ്റ്‌ലാന്റിക് പ്രദേശം മൂടൽമഞ്ഞിനും കൊടുങ്കാറ്റിനും സാധ്യതയുള്ളതിനാൽ തിരച്ചിൽ-രക്ഷാദൗത്യം നടത്തുന്നത് അങ്ങേയറ്റം വെല്ലുവിളിയാണ്.
സമുദ്രോപരിതലത്തിൽനിന്ന് നാലു കിലോമീറ്റർ താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം സ്ഥിതി ചെയ്യുന്നത്. സമുദ്രപേടകം കടലിന്റെ ആഴത്തിലേക്കിറങ്ങി 1.45 മണിക്കൂർ ആയപ്പോഴേക്കും ബന്ധം നഷ്ടമായിരുന്നു. ആഴത്തിലേക്കു പോകുന്തോറും ഇരുട്ടേറും. കഠിനമായ തണുപ്പുമാണ്. കടലിന്റെ അടിത്തട്ട് മണ്ണാണ്. ഉയർന്നും താഴ്ന്നുമുള്ള പ്രതലമാണ് എന്നാണ് ടൈറ്റാനിക് മുങ്ങിയതിനെക്കുറിച്ചും അവശിഷ്ടങ്ങളെക്കുറിച്ചും ഗവേഷണം നടത്തന്നവർ പറയുന്നത്. ഓക്സിജൻ അളവ് കുറയുന്നതോടെ ഓക്സിജൻ ഉപയോഗം കൂട്ടുന്ന എല്ലാ പ്രവർത്തനങ്ങളും അവർക്കു കുറയ്ക്കേണ്ടിവരും. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്ക് അടുത്ത് അത്രയും ആഴത്തിലെത്താവുന്ന സാങ്കേതികവിദ്യയുള്ള സമുദ്രപേടകങ്ങൾ വളരെ കുറവാണ് എന്നും അഭിപ്രായം ഉയരുന്നുണ്ട്.