വടക്കൻ നൈജീരിയയിൽ ബോട്ട് മുങ്ങി 103 പേർ മരിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ചിരുന്ന ബോട്ട് ആണ് മുങ്ങിയത്. ക്വാറ സംസ്ഥാനത്തെ പടേഗി ജില്ലയിൽ നൈജർ നദിയിൽ തിങ്കളാഴ്‌ച പുലർച്ചെയാണ് സംഭവം. മുങ്ങിമരിച്ചവരിൽ ഭൂരിഭാഗവും വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള ബന്ധുക്കളായ ആളുകളാണ്.
വിവിധ ഗ്രാമങ്ങളിൽ നിന്ന് മോട്ടോർ സൈക്കിളുകളിലാണ് അവർ ചടങ്ങിനെത്തിയത്, എന്നാൽ മഴയെത്തുടർന്ന് റോഡിൽ വെള്ളം കയറിയതിതോടെ പ്രാദേശികമായി നിർമ്മിച്ച ബോട്ടിൽ മടങ്ങേണ്ടി വരികയായിരുന്നു എന്നാണ് സർക്കാർ വക്താവ് ഒകാസൻമി അജായ് വ്യക്തമാക്കിയത്. പ്രദേശത്ത് ഇപ്പോഴും കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്. ഇതുവരെ 100 പേരെയോളം രക്ഷപ്പെടുത്തി
പുലർച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്, പലരും എന്താണ് സംഭവിച്ചതെന്ന് അറിയാൻ മണിക്കൂറുകൾ കഴിഞ്ഞെന്നും ഗ്രാമവാസികൾ പറഞ്ഞു. നൈജീരിയയിലുടനീളമുള്ള പല വിദൂര മേഖലകളിലും ബോട്ട് അപകടങ്ങൾ സാധാരണമാണ്. പ്രാദേശികമായി നിർമ്മിച്ച ബോട്ടുകളാണ് ഗതാഗതത്തിനായി സാധാരണയായി ഉപയോഗിക്കുന്നത്. അമിതഭാരവും അറ്റകുറ്റപ്പണികൾ നടത്താത്ത ബോട്ടുകളുടെ ഉപയോഗവുമാണ് മിക്ക അപകടങ്ങൾക്കും കാരണം. അപകടം നടന്ന ബോട്ടിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. 300ഓളം പേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്നും ബോട്ട് സഞ്ചരിക്കുന്നതിനിടയിൽ ഒരു വലിയ തടിയിൽ തട്ടി രണ്ടായി പിളർന്നു എന്നുമാണ് അറിയുന്നത്.