ബിഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിൽ നിന്ന് ഹിന്ദുസ്ഥാനി അവാം മോർച്ച (ഡബ്ല്യുഇ) പാർട്ടി മേധാവി ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് സുമൻ രാജിവച്ചു. ബീഹാർ സർക്കാരിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സന്തോഷ്. ബിജെപിക്കെതിരെ രാജ്യത്തുടനീളമുള്ള പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ നിതീഷ് കുമാർ ശ്രമിക്കുന്നതിനിടെയാണ് സന്തോഷ് സുമന്റെ രാജി.
ജെഡിയുവിൽ ലയിക്കാൻ നിതീഷ് കുമാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സന്തോഷ് സുമൻ പറഞ്ഞു. നിതീഷ് കുമാർ തങ്ങളുടെ അസ്തിത്വം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്, നിതീഷ് കുമാറിന് വേണ്ടി പാർട്ടിയെ എന്തിന് തകർക്കണം എന്നും അദ്ദേഹം പ്രതികരിച്ചു.
ജൂൺ 23ന് പട്‌നയിൽ പ്രതിപക്ഷ പാർട്ടികളുടെ വലിയ യോഗം നിതീഷ് കുമാർ വിളിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി, മാലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, കെജ്‌രിവാൾ, മംമ്താ ബാനർജി, സ്റ്റാലിൻ തുടങ്ങി മറ്റ് പാർട്ടികളുടെ നേതാക്കൾ എല്ലാം ഈ പ്രതിപക്ഷ ഐക്യദാർഢ്യ യോഗത്തിൽ പങ്കെടുക്കും എന്നാണ് അറിയുന്നത്.