ബഹുമുഖ കമ്പനിയായ അത്താച്ചി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന അഗ്രോ – ഫോറസ്ട്രി അടിസ്ഥാനമാക്കി നിർമിക്കുന്ന ലക്ഷ്വറി സ്കിൻ കെയർ ബ്രാൻഡ് ആയ “മോർഗാനിക്സ്” ൻ്റെ നിർമ്മാണ യൂണിറ്റ് നിയമ- വ്യവസായ വകുപ്പുമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. നവയുഗ വ്യവസായങ്ങൾക്കുള്ള സാധ്യത കേരളത്തിൽ വർധിച്ചു വരുന്നതായും നൈസർഗിക സൗന്ദര്യ സംവർദ്ധക വസ്തുക്കളുടെ കേരള ബ്രാന്റുകളുടെ ഉത്പാദനത്തിന് കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
സൗന്ദര്യ വർദ്ധക സാധനങ്ങളുടെ മാർക്കറ്റിൽ സമാധാനത്തിന്റെ പങ്ക് ചെറുതാണെങ്കിലും പ്രകൃതി സിദ്ധമായ സൗന്ദര്യ സംവർദ്ധക വസ്തുക്കളോടുള്ള പ്രിയം ലോകമെമ്പാടും വർധിച്ചു വരികയാണ്. അത്താച്ചി ഗ്രൂപ്പിന്റെ ഈ പുതിയ സംരംഭം ഈ ദിശയിലേക്കുള്ള ശരിയായ കാൽവെയ്പ്പാണ്. വെറും ആശംസ കൊണ്ടു മാത്രം പുതിയ വ്യവസായങ്ങൾ കേരളത്തിലേക്ക് എത്തുകയില്ല, മന്ത്രി കൂട്ടിച്ചേർത്തു. അത്താച്ചി ഗ്രൂപ്പിന്റെ ഈ പുതിയ സംരംഭം സാർധകമാക്കിയതിനു പരിശ്രമിച്ച അത്താച്ചി ഗ്രൂപ്പിന്റെ ചെയർമാൻ രാജു സുബ്രഹ്മണ്യത്തെയും അദ്ദേഹത്തോടൊപ്പം നിന്നു വേണ്ട സഹായങ്ങൾ നൽകിയ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു.

പ്രകൃതിദത്തവും അതുല്യവുമായ നിർമ്മാണ രീതിയായ മോർ ദാൻ ഓർഗാനിക്സ് എന്ന രീതിയാണ് കമ്പനി അവലംബിക്കുന്നതെന്ന് ചെയർമാൻ രാജു സുബ്രഹ്മണൃൻ, വൈസ് ചെയർപേഴ്സൺ ദീപ സുബ്രഹ്മണ്യൻ എന്നിവർ പറഞ്ഞു. തികച്ചും പ്രകൃതിദത്തവസ്തുക്കളിൽ നിന്നാണ് ചർമ്മസംരക്ഷണവസ്തുക്കൾ ഉത്പാദിപ്പിക്കുന്നതെന്നും ഡോക്ടർമാരുടെ ഗുണനിലവാരപരിശോധനക്ക് വിധേയനാക്കിയാണ് ഓരോ ഉത്പ്പന്നവും നിർമ്മിക്കുന്നതെന്നും വൈസ് ചെയർപേഴ്സൺ ദീപ സുബ്രഹ്മണ്യൻ പറഞ്ഞു. നൂറണിയിൽ തങ്ങളുടെ വിശാലമായ ഫാം ഹൗസിൽ ഇതിനായിതന്നെ ചെടികൾ നട്ടുവളർത്തുന്നുണ്ടെന്നും ദീപ പറഞ്ഞു. ദുബൈയിൽ നടത്തിയ വാർത്താസമ്മേനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ചെയർമാൻ രാജു സുബ്രഹ്മണൃന്റെ അമ്മയുടെ പേരിലാണ് സംരംഭം ആരംഭിച്ചിട്ടുള്ളത്. പ്രകൃതിയുടെ നൈസർഗികത കാത്തുസൂക്ഷിക്കുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും തികച്ചും പ്രകൃതിസിദ്ധവും അതുല്യവുമായ നിർമ്മാണ രീതിയാണ് കമ്പനി അവലംബിക്കുന്നതെന്നും രാജു സുബ്രഹ്മണൃൻ കൂട്ടിച്ചേർത്തു. അത്താച്ചി ഗ്രൂപ്പിന്റെ സ്ഥാപകയായ അലമേലു സുബ്രമണ്യൻ ഉദ്ഘാടനചടങ്ങിൽ ഭദ്രദീപം തെളിയിച്ചു. പാലക്കാട് എംപി, വി.കെ. ശ്രീകണ്ഠൻ, മലമ്പുഴ MLA, A. പ്രഭാകരൻ, പാലക്കാട് MLA, ഷാഫി പറമ്പിൽ, കല്യാൺ സിൽക്‌സ് ചെയർമാൻ, T. S. പട്ടാഭിരാമൻ, പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് N. പ്രസീത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.