ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതും, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ഏറ്റവും മികച്ച ബ്രാൻഡുകളെ പരിചയപ്പെടുത്തുന്നതുമായ പ്രദർശനങ്ങൾ ഉൾപ്പെടെയുള്ള പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യാത്രാപ്രദർശന മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് ഇന്ന് തുടക്കമായി. അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ മുപ്പതാമത് പതിപ്പ് 2023 മെയ് 1 മുതൽ മെയ് 4 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്.
ദുബായിയിലെ ടൂറിസം മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിനായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളും, നയങ്ങളും ഈ എക്സിബിഷനിൽ അവതരിപ്പിക്കും .ടൂറിസം മേഖലയിലെ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ടൂറിസം ടെക്നോളജി പ്രദർശനവും അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തി ഇവിടെയെത്തും. ടൂർ ഓപറേറ്റർമാർ, ട്രാവൽ ഏജൻറുമാർ, ഹോട്ടൽ വ്യവസായികളെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കും. ലോകത്തിലെ ഏറ്റവും മികച്ച 80ലധികം ട്രാവൽ ടെക്നോളജി കമ്പനികളെ ഇക്കുറി അവതരിപ്പിക്കും. സാങ്കേതിക മേഖലക്കായി മാത്രം 2000 ചതുരശ്ര മീറ്ററിലധികം പ്രദർശനസ്ഥലം മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 54.7 ശതമാനം വർധനയാണ് ഈ മേഖലക്ക് ഇക്കുറി നൽകിയിരിക്കുന്നത്. ടൂറിസം രംഗത്തെ സാധ്യതകൾ പ്രദർശിപ്പിക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളുടെ പവിലിയനുകളുണ്ടാകും. പുതിയ ബിസിനസ് മേഖല തുറക്കുന്ന എ.ടി.എമ്മിൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളും പുതിയ കരാർ ഒപ്പുവെക്കലും നടക്കും. മൂന്ന് വേദികളിലായി 63 സമ്മേളനങ്ങളും നടക്കുന്നുണ്ട്. ഗ്ലോബൽ സ്റ്റേജ്, ട്രാവൽ ടെക് സ്റ്റേജ്, സസ്റ്റൈനബിലിറ്റി ഹബ് എന്നീ പേരുകളിലായാണ് കോൺഫറൻസ് വേദികൾ ഒരുക്കിയിരിക്കുന്നത്.