അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും വന്യമൃഗശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ ഉന്നതല ചർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇടുക്കി ശാന്തൻപാറയിലും ചിന്നക്കനാലിലും ഭീതി വിതച്ചിരുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ രണ്ട് ദിവസം മുമ്പാണ് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ടത്. എന്നാൽ ഇതോടെ ചിന്നക്കനാലിലെ കാട്ടാന ആക്രമണം കുറഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം ഉണ്ടായി. പുലർച്ചെ അഞ്ച് മണിയോടെ ചക്കക്കൊമ്പനടങ്ങിയ കൂട്ടം ഇറങ്ങുകയും ഷെഡ് തകർക്കുകയും ചെയ്തു. ഇന്നലെ മുതൽ ഈ മേഖലകളിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്.