എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. എൻഐഎയുടെ ചോദ്യം ചെയ്യൽ അടുത്തയാഴ്ച നടന്നേക്കും. യുഎപിഎ ചുമത്തിയതോടെ ഷാറുഖിനെ 30 ദിവസം വരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എൻഐഎക്കു കഴിയും. കേസന്വേഷണത്തിന്റെ ഇതുവരെയുള്ള മുഴുവൻ വിവരങ്ങളും രേഖകളും പരിശോധിച്ച ശേഷം ഷാറുഖിന്റെ അറസ്റ്റ് ജയിലിൽ രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങാനാണ് എൻഐഎ ഒരുങ്ങുന്നത്.
കുറ്റകൃത്യം നടന്ന ഏപ്രിൽ 2 മുതൽ രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ച വിവരങ്ങളും കേന്ദ്ര ആഭ്യന്തര വകുപ്പ് എൻഐഎക്കു ലഭ്യമാക്കും. പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടുകളും കേസ് ഡയറിയും എൻഐഎ പരിശോധിക്കും. ആദ്യം കേസന്വേഷിച്ച കേരളാ പൊലീസ് 11 ദിവസം ഷാറുഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല.