കുറഞ്ഞ വരുമാനക്കാരായ 426സ്വദേശികളുടെ ഭവന വായ്പ എഴുതള്ളാൻ ദുബൈ സർക്കാർ തീരുമാനിച്ചു. 14.6കോടി ദിർഹം വായ്പയാണ് പദ്ധതിയുടെ ഭാഗമായി എഴുതിത്തള്ളുന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാന് നടപടി സ്വീകരിച്ചത്. ദുബൈയിലെ പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് ആവശ്യമായ സംരംഭങ്ങൾ തുടർന്നും നടപ്പിലാക്കുമെന്ന് നടപടി പ്രഖ്യാപിച്ചുകൊണ്ട് ഷെയ്ഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു. പൗരന്മാർക്ക് നേരത്തെയും ഭവന നിർമാണത്തിനും മറ്റുമായി സർക്കാർ നിരവധി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റ്സ് ഹയർ കമ്മിറ്റി ഫോർ ഡവലപ്മെന്റ് ആന്‍റ് സിറ്റിസൺ അഫേഴ്സ് വകുപ്പിനാണ് തീരുമാനം നടപ്പാക്കാനുള്ള ഉത്തരവാദിത്തം നൽകിയിട്ടുള്ളത്.