യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി ഒരു കോടി ദിർഹം പ്രഖ്യാപിച്ചു. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് നടപ്പാക്കുന്ന പദ്ധതിയിൽ അഞ്ച് വർഷത്തേക്കാണ് യൂസുഫലി സംഭാവന പ്രഖ്യാപിച്ചത്.
മനുഷ്യത്വത്തിന്‍റെ ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പിന്തുണക്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് സംഭാവന നൽകുന്നതെന്ന് യൂസുഫലി പറഞ്ഞു. ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ആശ്വാസം നൽകുന്ന ഈ പദ്ധതി ലോകത്തിന് യു.എ.ഇ. നൽകുന്ന മഹത്തായ ഒരു സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർഹരായവരെ പിന്തുണക്കാനും അശരണർക്ക് ഭക്ഷണം നൽകാനുമുള്ള ശ്രമങ്ങളെ പിന്തുണക്കാൻ കഴിയുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
വിവിധ രാജ്യങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങൾക്ക് സഹായമെത്തിക്കാണാനാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വൺ ബില്യൻ മീൽസ് കാമ്പയിൻ പ്രഖ്യാപിച്ചത്. 2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.