ദക്ഷിണ ഡൽഹിയിലെ സാദിഖ് നഗറിലെ ഇന്ത്യൻ പബ്ലിക് സ്‌കൂളിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് സ്‌കൂളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. രാവിലെ 10:49നാണ് ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിച്ച് സ്‌കൂളിന് ഇമെയിൽ സന്ദേശം ലഭിച്ചത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമായി സ്കൂളിൽ പരിശോധന നടത്തുന്നുണ്ടെന്ന് മുതിർന്ന പൊലീസ് ഓഫീസർ ചന്ദൻ ചൗധരി പറഞ്ഞു. സ്‌കൂളിൽ തിരച്ചിൽ നടക്കുകയാണെന്നും ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഇതാദ്യമായല്ല സ്കൂളിലേക്ക് ബോംബ് ഭീഷണി വരുന്നത്. കഴിഞ്ഞ വർഷം നവംബറിൽ അജ്ഞാതനിൽ നിന്ന് സമാനമായ ഇമെയിൽ ലഭിച്ചിരുന്നു. സ്‌കൂളിന് പുറത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ വൻജനക്കൂട്ടം തടിച്ചുകൂടിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ഇതിനോടകം പുറത്തുവന്നു. മുൻകരുതൽ എന്ന നിലയിലാണ് സ്‌കൂൾ ഒഴിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.