രാജസ്ഥാനില്‍ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ പതിനഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇന്ത്യ ഒന്നാമത്, എപ്പോഴും ഒന്നാമത്’ എന്നതിനെയാണ് വന്ദേ ഭാരത് എക്സ്പ്രസ് സൂചിപ്പിക്കുന്നതെന്നും ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറാമത്തെ വന്ദേ ഭാരത് എക്സ്പ്രസും ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ സാധിച്ചത് ഭാഗ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വന്ദേ ഭാരത് എക്‌സ്പ്രസ് രാജസ്ഥാനിലെ ടൂറിസം വ്യവസായത്തിന് വളരെയധികം ഗുണം ചെയ്യുമെന്നും മുന്‍കാലങ്ങളില്‍ സ്വാര്‍ത്ഥവും നീചവുമായ രാഷ്ട്രീയം റെയില്‍വേയുടെ നവീകരണത്തെ മറച്ചുവെച്ചിരുന്നെന്നും വലിയ തോതിലുള്ള അഴിമതി റെയില്‍വേയില്‍ വികസനം തടുത്തിരുന്നെന്നും പ്രധാനമന്ത്രി ആരോപിച്ചു.
അജ്മീര്‍-ഡല്‍ഹി കന്റോണ്‍മെന്റ് വന്ദേ ഭാരത് എക്‌സ്പ്രസ് ഹൈ-റൈസ് ഓവര്‍ഹെഡ് ഇലക്ട്രിക് ടെറിട്ടറിയിലെ ലോകത്തിലെ ആദ്യത്തെ സെമി ഹൈസ്പീഡ് പാസഞ്ചര്‍ ട്രെയിനായിരിക്കും.
ജയ്പൂര്‍-ഡല്‍ഹി കന്റോണ്‍മെന്റ് റൂട്ടിലാണ് ട്രെയിനിന്റെ ഉദ്ഘാടന യാത്ര നടന്നത്. പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ പതിവ് സര്‍വീസ് ഏപ്രില്‍ നാളെ മുതല്‍ ആരംഭിക്കും. ജയ്പൂര്‍, അല്‍വാര്‍, ഗുര്‍ഗുഗ്രാം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളോടെ അജ്മീറിനും ഡല്‍ഹി കന്റോണ്‍മെന്റിനുമിടയിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. അജ്മീറിനും ഡല്‍ഹി കന്റോണ്‍മെന്റിനുമിടയിലുള്ള ദൂരം അഞ്ച് മണിക്കൂര്‍ 15 മിനിറ്റിനുള്ളില്‍ മറികടക്കും. പുഷ്‌കര്‍, അജ്മീര്‍ ദര്‍ഗ എന്നിവയുള്‍പ്പെടെ രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുളള യാത്ര ഈ ട്രെയിന്‍ മെച്ചപ്പെടുത്തും.