ഖാലിസ്ഥാൻ അനുയായികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചതിന് പിന്നാലെ ബ്രിട്ടനുമായുള്ള വ്യാപാര ചർച്ചകളിൽ നിന്ന് ഇന്ത്യ പിന്മാറിയതായി യുകെ ആസ്ഥാനമായുള്ള ദി ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ റിപ്പോർട്ട് അടിസ്ഥാനരഹിതമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അടുത്ത ഘട്ടം ഔദ്യോഗിക ചർച്ചകൾ ഏപ്രിൽ 24 മുതൽ ലണ്ടനിൽ നടക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം നിലനിർത്തുന്നതിൽ ഇരുവരും പ്രതിജ്ഞാബദ്ധരാണ്, കഴിഞ്ഞ മാസം ഏറ്റവും പുതിയ വ്യാപാര ചർച്ചകൾ നടത്തിയിരുന്നു- യുകെയുടെ ബിസിനസ് ആന്റ് ട്രേഡ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു.
മാർച്ച് 19 ന്, തീവ്ര സിഖ് മതപ്രഭാഷകൻ അമൃത്പാൽ സിംഗിന്റെ അനുയായികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പഞ്ചാബിലെ പോലീസ് നടപടിയെ അപലപിച്ച് അവർ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഇന്ത്യൻ പതാക അഴിച്ചുമാറ്റി. മറുപടിയായി യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഭീമാകാരമായ ത്രിവർണ്ണ പതാക ഉയർത്തിയെങ്കിലും വിഷയത്തിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.