രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുമ്പോൾ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധം കടുക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ ഇന്ന് പാര്‍ലമെന്‍രില്‍ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതും അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളും ഉള്‍പ്പെടെ വിഷയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചത്. ലോക്‌സഭ ആരംഭിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നാല് മണി വരെ പിരിഞ്ഞു.
രാജ്യസഭയും ഉച്ചയ്ക്ക് രണ്ട് മണി വരെ പിരിഞ്ഞു. സഭയിലെ പ്രതിഷേധത്തിന് ഷേഷം പ്രതിപക്ഷ എംപിമാര്‍ വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. രാജ്യസഭയില്‍ എംപിമാര്‍ നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ‘മോദി -അദാനി ഭായ്, ഭായ്’ മുദ്രാവാക്യവും വിളിച്ചു. ദ്രാവിഡ മുന്നേറ്റ കഴകം, എന്‍സിപി, ബിആര്‍എസ്, സിപിഎം എന്നീ പ്രതിപക്ഷ പാര്‍ട്ടികളും രാഹുലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ന് കറുത്ത വസ്ത്രം ധരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത ബാന്‍ഡ് ഉപയോഗിച്ച് വാ മൂടിയായിരുന്നു പ്രതിഷേധിച്ചത്. അദാനി വിഷയത്തില്‍ എന്തിനാണ് നരേന്ദ്രമോദി ജെപിസിയെ ഭയപ്പെടുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. വിജയ് ചൗക്കില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിക്ക് ഉത്തരമില്ലെന്ന് വിമര്‍ശിച്ചു.