ഇടുക്കിയെ ഏറെ നാളായി ഭീതിയിൽ നിർത്തുന്ന അരികൊമ്പൻ എന്ന കാട്ടാനയെ പിടികൂടാൻ കുങ്കിയാനകളായ നാൽവർ സംഘം വയനാട്ടിലെ മുത്തങ്ങയിൽ നിന്നു ചുരമിറങ്ങുന്നു. അരിക്കൊമ്പനെ പിടികൂടുന്നതിനായി ദൗത്യ സംഘത്തിലെ വിക്രം എന്ന കുങ്കിയാന കഴിഞ്ഞ ദിവസം എത്തിയിരുന്നു. പിന്നാലെ രണ്ടാമത്തെ കുങ്കിയാന സൂര്യൻ ചിന്നക്കനാലിൽ എത്തി. ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ ഇന്ന് പുലർച്ചയോടെയാണ് ഇടുക്കിയിൽ എത്തിയത്. ഇതിന് പുറമെദൗത്യത്തിനായി കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളും നാളെയെത്തും. കൂട്ടത്തിൽ പരിചയ സമ്പന്നൻ 35 വയസുകാരനായ കുഞ്ചു ആണ്.
നാല് കുങ്കിയാനകളാണ് അരിക്കൊമ്പനെ പിടികൂടാന്‍ ഉപയോഗിക്കുന്നത്. ഒരു ദൗത്യത്തിന് വേണ്ടി മാത്രം മുത്തങ്ങയിൽ നിന്ന് നാല് കുങ്കികളെ രംഗത്തിറക്കുന്നത് ഇതാദ്യമായാണ്. ബത്തേരിയില്‍ ഇറങ്ങിയ പിഎം 2 എന്ന കൊമ്പനെയും പിടി 7നേയും പിടികൂടിയതിനുശേഷമാണ് അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാൻ സംഘം തയ്യാറെടുക്കുന്നത്.
അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയി. മറ്റ് നടപടികള്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം എത്തിയതിന് ശേഷം യോഗം ചേര്‍ന്ന് വിലയിരുത്തും. പിന്നീടാകും ദൗത്യത്തിലേയ്ക്ക് കടക്കുക. അരുണ്‍ സക്കറിയ നയിക്കുന്ന സംഘത്തില്‍ 26 ഉദ്യോഗസ്ഥരുണ്ടാകും. ഇടുക്കിയില്‍ എവിടെയാണ് അരിക്കൊമ്പന്‍ എന്ന് തിരിച്ചറിയാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.
അതെ സമയം ഇടുക്കിയില്‍ അരിക്കൊമ്പന്റെ ആക്രമണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലൂടെ തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് പലച്ചരക്ക് സാധനങ്ങളുമായി എത്തിയ ലോറി വെളുപ്പിന് അഞ്ചു മണിയോടെ ആന തകര്‍ത്തു. അക്രമസക്തനായ ‘അരിക്കൊമ്പനെ’ കണ്ടതോടെ ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന അരിയും പഞ്ചസാരയും ആന ഭക്ഷിച്ചു.