പശ്ചിമ ബംഗാളിലെ നിയമമന്ത്രി മൊളോയ് ഘട്ടക്കിനോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചു. മാർച്ച് 29ന് ഹാജരാവാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെയും കൽക്കരി കള്ളക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി മോളോയ് ഘട്ടക്കിന് സമൻസ് അയച്ചിരുന്നു. അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റിനെയും കേന്ദ്ര ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി ഇഡി വൃത്തങ്ങൾ അവകാശപ്പെട്ടു. മാർച്ച് 23 ന് ഹാജരാകാനാണ് നിർദ്ദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അന്വേഷണ ഏജൻസിക്ക് കീഴിലുള്ള കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടതാണ് സമൻസ്. നേരത്തെ ഇഡി മോളോയ് ഘട്ടക്കിനെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. അസൻസോൾ നോർത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയാണ് മൊളോയ് ഘട്ടക്ക്. ബംഗാളിലെ കൽക്കരി പ്രദേശം എന്നറിയപ്പെടുന്ന അസൻസോൾ സ്വദേശിയാണ് ബംഗാൾ നിയമമന്ത്രിയായ ഘട്ടക്ക്.