യുഎഇയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീരാഗ് ഫ്രെയിംസ് നടത്തുന്ന “ശ്രീരാഗ് കലോത്സവം” ഈ മാസം 19ന് ദുബായിൽ അരങ്ങേറും. ദുബായിലെ എത്തിസലാത്ത് അക്കാദമിയിൽ രാവിലെ 8 മണി മുതൽ, രാത്രി 11 മണി വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഓരോ ജില്ലകളിലെയും പ്രധാനകലാരൂപങ്ങൾ കലോത്സവത്തിൽ പങ്കെടുക്കും.
രാവിലെ പഞ്ചരത്നകീർത്തനാലാപനത്തോടെ തുടങ്ങി മെഗാ തിരുവാതിര, ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന്റെ, ഇലഞ്ഞിത്തറ മേളം പ്രമാണിയായ കിഴക്കൂട്ട് അനിയൻ മാരാരുടേയും, മേള കലാരത്നം കലാമണ്ഡലം ശിവദാസിന്റേയും നേതൃത്വത്തിൽ UAE യിലെ പ്രശസ്തരായ 75 വാദ്യകലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളവും, ബാൻഡ് സെറ്റ്, തിറയാട്ടം, യക്ഷഗാനം, ഒപ്പന, മാർഗ്ഗം കളി, പുള്ളുവൻ പാട്ട്, കളരിപ്പയറ്റ്, തെയ്യം തിറ, കരിങ്കാളിയാട്ടം, പരുന്താട്ടം, കുമ്മാട്ടിക്കളി, അലാമിക്കളി, ദഫ് മുട്ട്, കരകാട്ടം, കൈമുട്ടിക്കളി, പൂരക്കളി, കൊരമ്പ് നൃത്തം, മയൂരനൃത്തം, വഞ്ചിപ്പാട്ട്, കേരളീയ ശാസ്ത്രീയ കലകളുടെ നൃത്താവിഷ്കാരം, സിനിമാറ്റിക് ഡാൻസ്, അർദ്ധ ശാസ്ത്രീയ നൃത്തങ്ങൾ എന്നിവയും ഉണ്ടാകും.
കലാസ്വാദകർക്കായി വേറിട്ട മുപ്പതോളം നാടൻ കലാരൂപങ്ങളും, അനുഷ്ഠാന കലകളും സംഗമിക്കുന്ന പരിപാടിയാണ് കലോത്സവത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് ശ്രീരാഗ് ഫ്രെയിംസ് പ്രോഗ്രാം കോർഡിനേറ്റർ ഷനിൽ പള്ളിയിൽ പറഞ്ഞു. UAE യിൽ വളർന്നു വരുന്ന കലാകാരന്മാർക്കും കലാകാരികൾക്കും നല്ല വേദികൾ ഒരുക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയും വിവിധയിനം കലാ വിഭാഗങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ശ്രീരാഗ് ഫ്രെയിംസ് പ്രവർത്തിക്കുന്നതെന്ന് ശ്രീരാഗ് ഫ്രെയിംസിന്റെ സ്ഥാപകനും പ്രസിഡണ്ടുമായ അജിത്കുമാർ തോപ്പിൽ, സെക്രട്ടറിയായ ശ്രീ. രോഷൻ വെണ്ണിക്കലും ഖജാൻജിയായ അർച്ചന ബിനീഷും പറഞ്ഞു. 25 ദിർഹമാണ് പ്രവേശന ടിക്കറ്റ് വില. ഭീമ ജ്വല്ലറിയുടെ യുഎഇയിലെ എല്ലാ ഷോറൂമുകളിലും സിയാനാ ട്രാവൽസിന്റെ അജ്മാൻ ഓഫീസുകളിലും എംഇഡി7 ഫാർമസികളിലും ടിക്കറ്റുകൾ ലഭിക്കും.
വാർത്താ സമ്മേളനത്തിൽ ശ്രീരാഗ് ഫ്രെയിംസിന്റെ രക്ഷാധികാരിയായ നാഗരാജ് റാവു, ആർട്ട് സെക്രട്ടറിയായ കലാമണ്ഡലം ലക്ഷ്മിപ്രിയ, മീഡിയ കോർഡിനേറ്റർ ദീപിക സുജിത്, PRO രവി നായർ എന്നിവരും പങ്കെടുത്തു.