ഷാർജ എമിറേറ്റിൽ റമദാനിൽ ഭക്ഷണശാലകൾ പ്രവർത്തക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് ഷാർജ മുനിസിപ്പാലിറ്റി. പകൽ സമയത്ത് പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്ക് പാർസൽ മാത്രമേ അനുവദിക്കുകയുള്ളൂ. ഭക്ഷണം തയാറാക്കലും പാചകവും അടുക്കളയിൽ മാത്രമേ അനുവദിക്കൂ. എന്നാൽ ലഘുപലഹാരങ്ങൾ വിൽക്കുന്നവർക്ക് ഭക്ഷണശാലകൾക്ക് മുന്നിൽ പലഹാരങ്ങൾ പ്രദർശിപ്പിക്കുന്നതിന് തടസമില്ല
അതേസമയം ഭക്ഷണശാലകൾ രണ്ടു തരത്തിലുള്ള പെർമിറ്റെടുക്കണമെന്നാണ് നിർദേശം വന്നിട്ടുള്ളത്. റമദാനിൽ പകൽ സമയങ്ങളിൽ ഷോപ്പിങ് സെന്ററുകളിലും ഭക്ഷണശാലകളിലും ഭക്ഷണം തയാറാക്കി വിൽക്കുന്നതിന് 3000 ദിർഹം നൽകി പെർമിറ്റെടുക്കണം. ഇഫ്താറിന് തൊട്ടു മുമ്പായി ഭക്ഷണശാലകൾക്കു മുന്നിൽ ലഘുപലഹാരങ്ങൾ വിൽക്കുന്നതിനായി 500 ദിർഹം നൽകി പെർമിറ്റെടുക്കണം. ഷാർജ മുനിസിപ്പാലിറ്റിയുടെ സബർബ് അഫയേഴ്സ് ഡിപ്പാർട്മെന്റിലെ ഇൻഡസ്ട്രിയൽ ഏരിയ 5ലെ ഫുഡ് കൺട്രോൾ സെക്ഷൻ കൗണ്ടറിലെത്തിയാണ് പെർമിറ്റിന് അപേക്ഷ നൽകേണ്ടത്
അടച്ച ഗ്ലാസ് ബോക്സുകളിലും സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലും മാത്രമേ പലഹാരങ്ങൾ വെക്കാൻ പാടുള്ളൂവെന്നും പലഹാരങ്ങൾ അലൂമിനിയം ഫോയിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് റാപ് കൊണ്ട് മൂടുകയും ഉചിതമായ താപനിലയിൽ സൂക്ഷിക്കുകയും വേണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട് .