അണ്ണാ ഡി എം കെ യിലെ അധികാരതർക്കവുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതി ഇന്ന് നിർണായകമായ വിധി പ്രസ്താവിക്കും. കഴിഞ്ഞവർഷം ജൂലൈ 11ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിനെതിരെ ഒ പനീർ ശെൽവം വിഭാഗം ഹർജി നൽകിയിരുന്നു. ഈ ഹർജിയിന്മേലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുന്നത്.
ജനറൽ കൗൺസിൽ യോഗത്തിലാണ് എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പളനിസ്വാമിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നതിന് മുൻപുള്ള സ്ഥിതി തുടരണമെന്ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. ഇതിനെതിരെയാണ് ഓ പനീർശെൽവം സുപ്രീംകോടതിയെ സമീപിച്ചത്.
ജയലളിതയുടെ മരണശേഷം പാർട്ടി സ്ഥാനങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിവാക്കി കോ ഓർഡിനേറ്റർ, ഡെപ്യൂട്ടി കോ ഓർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ നിലനിർത്തിയാണ് മാറ്റങ്ങൾ വരുത്തിയത്. ഇത് തിരുത്തി ജനറൽ സെക്രട്ടറി സ്ഥാനം തിരിച്ചു കൊണ്ടുവരണമെന്നും പളനി സ്വാമി വിഭാഗം നടത്തിയ ജനറൽ കൗൺസിലിന് സാധുതയില്ലെന്നുമാണ് പനീർ ശെൽവം വിഭാഗത്തിന്റെ വാദം. കക്ഷികൾക്ക് വാദം എഴുതി നൽകാൻ ഈ മാസം 16 വരെ സമയം അനുവദിച്ചിരുന്നു