തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഇന്ത്യന്‍ സംഘമായ ‘ഓപ്പറേഷന്‍ ദോസ്ത്’ അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ വസതിയില്‍ വെച്ചാണ് അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെ അദ്ദേഹം പ്രശംസിച്ചു.
ദേശീയ ദുരന്തനിവാരണ സേന, ഇന്ത്യന്‍ വ്യോമസേന, മറ്റ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെയും മോദി പ്രശംസിച്ചു. ‘ഭൂകമ്പത്തിനിടെ ഇന്ത്യ നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം ആഗോള ശ്രദ്ധയാകര്‍ഷിച്ചു. നമ്മുടെ ദുരിതാശ്വാസ വിഭാഗത്തിന്റെ തയ്യാറെടുപ്പിന്റെ പ്രതിഫലനമാണതെന്നും നരേന്ദ്ര മോദി പറഞ്ഞു. മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുക എന്നത് ഇന്ത്യന്‍ സംസ്‌കാരം നല്‍കിയ പാഠമാണെന്നും ഇത് വസുദൈവ കുടുംബകമാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെതുടര്‍ന്നായിരുന്നു ഇന്ത്യന്‍ സേനയെ രക്ഷാ പ്രവര്‍ത്തനത്തിനായി തുര്‍ക്കി സിറിയ എന്നിവിടങ്ങളിലെ ഭൂകമ്പപ്രദേശങ്ങളിലേക്ക് അയച്ചത്. ഭൂകമ്പം ഉണ്ടായ പ്രദേശത്ത് ഏറ്റവും ഫലപ്രദമായി രക്ഷാ ദൗത്യങ്ങളിലേര്‍പ്പെട്ട രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. 46,000 ലധികം ജീവനുകളാണ് തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ പൊലിഞ്ഞത്.