ഭക്ഷ്യ ഉത്പാദന വിപണന വിതരണ രംഗത്തെ ലോകത്തെ ഏറ്റവും വലിയ പ്രദർശനമായ ‘ഗൾഫുഡി’ന്റെ 28ാം എഡിഷന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ഇന്ന് തുടക്കമായി. ഇക്കുറി പുതിയ1500 സ്റ്റാളുകളടക്കം അയ്യായിരത്തിലേറെ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പവിലിയനുകളാണ് ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച മേള സമാപിക്കും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തിങ്കളാഴ്ച മേള സന്ദർശിച്ച് പ്രദർശനം വീക്ഷിച്ചു.
ഇന്ത്യയടക്കം 125 രാജ്യങ്ങളുടെ പവിലിയനുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. അർമേനിയ, കംബോഡിയ, ഇറാഖ് എന്നിവ പുതുതായി മേളയിൽ പങ്കെടുക്കുന്ന രാജ്യങ്ങളാണ്. ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഒരിടവേളക്കുശേഷം വീണ്ടും എത്തിച്ചേർന്നവയുമാണ്. ലോകത്തിന്റെ നാലുദിക്കിൽനിന്നും രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി ഭക്ഷ്യ, പാനീയ ഉൽപാദന വിതരണരംഗത്തെ അതിവേഗം വളരുന്ന ഭക്ഷ്യോൽപാദന രംഗത്തെ വൈവിധ്യങ്ങളും നൂതന കാഴ്ചപ്പാടുകളുമാണ് അഞ്ചുദിവസം നീളുന്ന മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. മേളയിൽ പുതുതായി എത്തിച്ചേർന്ന എക്സിബിഷനുകൾക്ക് പ്രത്യേക ഏരിയ തന്നെ ഒരുക്കിയിട്ടുണ്ട്. ‘ഗൾഫുഡ് പ്ലസ്’ എന്ന പേരിലെ ഈ മേഖലയിൽ നവീന കാഴ്ചപ്പാടുകളും ഉൽപന്നങ്ങളുമാണ് പ്രധാനമായും പ്രദർശിപ്പിച്ചിട്ടുള്ളത്.
ആദ്യദിനം പ്രമുഖരടക്കം ആയിരക്കണക്കിനാളുകളാണ് പ്രദർശനം കാണാൻ വേൾഡ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തിയത്. പ്രദർശനവും വിൽപനയും നിക്ഷേപസാധ്യതകളും തുറന്നിടുന്ന മേളയിൽ സുസ്ഥിരത ലക്ഷ്യമാക്കി നിരവധി ചർച്ചകളും പദ്ധതികളും ഇത്തവണ നടക്കുന്നുണ്ട്.