ഇൻഡോർ : മദ്ധ്യപ്രദേശിൽ ഇന്നലെയുണ്ടായ ബസ് അപകടത്തിൽ മദ്ധ്യപ്രദേശ് സ്വദേശിയായ ക്ലീനർ മരണമടഞ്ഞു. മലയാളി വിദ്യാർഥികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തൃശ്ശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും പഠനയാത്ര പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. കേരളത്തിൽ നിന്നുള്ള 35ൽ അധികം വിദ്യാർത്ഥികളാണ് ബസ്സിലുണ്ടായിരുന്നത്. ഇതിൽ 17 വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.
രണ്ടു ബസ്സുകളിലായി കഴിഞ്ഞ പതിനാലാം തീയതിയാണ് ഇവർ ഇരിങ്ങാലക്കുടയിൽ നിന്നും വിനോദയാത്രയ്ക്ക് പോയത്. 7 അധ്യാപകരും 60 വിദ്യാർത്ഥികളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു ബസാണ് താഴ്ച്ച യിലേക്ക് മറിഞ്ഞത്. അവസാനവർഷ ജിയോളജി ബിരുദ ബിരുദാനന്തര വിദ്യാർഥികളാണ് പഠനയാത്ര പോയത്.
അപകടത്തിൽ പരിക്ക് പറ്റിയ വിദ്യാർഥികളെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടുപേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ജബൽപൂർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തലയ്ക്ക് പരിക്കേറ്റ എഡ്വിൻ എന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.